d

# ജില്ലയിൽ ആൾത്താമസമില്ലാതെ 61000 വീടുകൾ

പത്തനംതിട്ട: വീട് അടച്ചിട്ട് നാടുവിട‌ുന്നവരുടെ പട്ടികയിൽ അടൂർ മുന്നിൽ. ജില്ലയിൽ ആൾതാമസമില്ലാത്ത ഏറ്റവും കൂടുതൽ വീടുകൾ ആടൂരിലാണ്. 3266. കുമ്പനാട്, ഇരവിപേരൂർ മേഖലകളിലായി 2630 വീടുകളാണ് ആളില്ലാതെയുള്ളത്. പത്തനംതിട്ട നഗരസഭാ പരിധിയിൽ 2452 വീടുകൾ. ജില്ലയിലൊട്ടാകെ 61000 വീടുകൾ ആളില്ലാതെയുണ്ടെന്നാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച കണക്ക് . അടച്ചിട്ട വീടുകളുടെ ഉടമസ്ഥരിൽ ഏറെയും വിദേശ രാജ്യങ്ങളിലാണ്. അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിലേക്കാണ് ആളുകൾ കുടിയേറിയിരിക്കുന്നത്. അവരുടെ തലമുറയിൽപ്പെട്ടവർ കുടുംബവേരുകൾ തേടി വരാറില്ല.

2018ലെ മഹാപ്രളയവും 2020ലെ കൊവിഡും കാരണമാണ് വിദേശങ്ങളിലുള്ള മക്കൾ മുതിർന്നവരെ അവിടേക്കു കൊണ്ടുപോയത്. പ്രളയത്തിലും കൊവിഡിലും ഒട്ടേറെ വയോജനങ്ങൾ വീടുകളിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നു. കേരളത്തിൽ കാലാവസ്ഥ മാറുകയാണെന്നും ഏതു മഴക്കാലത്തും പ്രളയം ഉണ്ടായേക്കുമെന്നും പ്രവാസകളിൽ ആശങ്ക ഉയർന്നിരുന്നു. പിന്നാലെയാണ് കൊവിഡ് വ്യാപിച്ചത്. അതോടെ നാല് വർഷത്തിനിടെ വീടൊഴിയൽ വേഗതത്തിലായി.

@ ഭൂമി വിൽപ്പന വർദ്ധിച്ചു

ജില്ലയിൽ വസ്തുക്കച്ചവടവും കൂടിയിട്ടുണ്ട്. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാത, ടി.കെ റോഡ്, കൊടുമൺ, പന്തളം പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വസ്തു വിൽപനയ്ക്ക് എന്ന ബോർഡ് ധാരാളം കാണാം. . ഏജൻസികൾ മൊത്തമായി വാങ്ങി പ്ലോട്ടുകളായി തിരിച്ച് വിൽക്കുകയാണ്. വിദേശമലയാളികൾ ഏറെയുള്ള കുമ്പനാട്, പുല്ലാട്, കോഴഞ്ചേരി മേഖലയിലും ഒട്ടേറെ സ്ഥലങ്ങൾ വിൽപ്പനയ്ക്കുണ്ട്. റബർ തോട്ടങ്ങളും സംരക്ഷിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടപ്പുണ്ട്.


@ആളില്ലാ വീടുകൾ

പത്തനംതിട്ട നഗരസഭ 2452

അടൂർ നഗരസഭ 3266

പന്തളം നഗരസഭ 1521

തിരുവല്ല നഗരസഭ 1050

ഇരവിപേരൂർ, കുമ്പനാട് 2630

ഓമല്ലൂർ. ചെന്നീർക്കര 1300

പന്തളം തെക്കേക്കര 696

കടമ്പനാട് 2031

ഏഴംകുളം 1986

ഏറത്ത് 1926

മല്ലപ്പള്ളി 1150
റാന്നി 950
കോന്നി 759

കവിയൂർ 750

പഴവങ്ങാടി 730

'' നമ്മുടെ നാട്ടിലേതിനേക്കാൾ മൂന്ന് മടങ്ങ് ശമ്പളം വിദേശങ്ങളിൽ ലഭിക്കും. പഠനത്തിനും തൊഴിലിനും വിദേശത്താണ് കൂടുതൽ സാഹചര്യം. നമ്മുടെ നാട് ആ രീതിയിലേക്ക് മാറിയാൽ പുതിയ തലമുറ ഇവിടെ നിൽക്കും.

സാമുവൽ പ്രക്കാനം, പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്