റാന്നി: ഇടമുറി, തോമ്പിക്കണ്ടം നിവാസികൾക്ക് നാറാണംമൂഴി പഞ്ചായത്ത് ആസ്ഥാനമായ അത്തിക്കയത്ത് എത്താൻ ബസില്ല. ഇടമുറിയിൽനിന്ന് റാന്നിയിലേക്കുള്ള സ്വകാര്യ സർവീസുകളാണ് ആശ്രയം.ഈ ബസുകളിൽ കയറി ചെത്തോങ്കര ഇറങ്ങി വേറെ ബസിൽ കയറി വേണം അത്തിക്കയത്ത് എത്താൻ.അല്ലെങ്കിൽ ടാക്സി വാഹനങ്ങളെ ആശ്രയിക്കണം ഇടമുറിയിൽ സർവീസ് നടത്തുന്ന ബസുകളിൽ പലതും ട്രിപ്പ് പതിവായി മുടക്കാറുമുണ്ട്. രാവിലെ ഏഴിനാണ് ആദ്യ സർവീസ്.പുലർച്ചെ 4.40നും 5.40നും, 6.10നും സർവീസ് ഉണ്ടായിരുന്നെങ്കിലും ഇവ ഇടമുറിയിൽ നിന്നല്ല ഇപ്പോൾ തുടങ്ങുന്നത്. പകരം റാന്നി, മന്ദമരുതി എന്നിവിടങ്ങളിൽനിന്നാണ് സർവീസ് തുടങ്ങുന്നത്.രാത്രിയിലെ സ്ഥിതിയും ഇതുതന്നെ. 6.45 കഴിഞ്ഞാൽ റാന്നിയിൽനിന്ന് ഇടമുറിയിലേക്ക് ബസില്ല.മന്ദമരുതിയിലിറങ്ങി അഞ്ചുകിലോമീറ്ററോളം നടക്കുകയോ ഓട്ടോറിക്ഷയെ ആശ്രയിക്കുകയോ വേണം. 7.30ന് റാന്നിയിൽനിന്ന് ഇടമുറിയിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നു. എന്നാൽ ഈ ട്രിപ്പ് ഇപ്പോഴില്ല .