vallamkulam
ബാലികയുടെ കൈയിൽ കുടുങ്ങിയ ഇഡലി തട്ട് ഫയർഫോഴ്‌സ് അധികൃതർ മുറിച്ചുനീക്കുന്നു

തിരുവല്ല : കളിക്കുന്നതിനിടയിൽ ബാലികയുടെ ഇടത് കൈ ഇഡലിതട്ടിൽ കുടുങ്ങി. വള്ളംകുളം തുരുത്തിക്കോണം വീട്ടിൽ അജോയുടെ മകൾ അമേയയുടെ (2) കൈയാണ് സ്റ്റീലിന്റെ ഇഡലി തട്ടിൽ കുടുങ്ങിയത്. അജോ കുടുംബവുമായി കാനഡയ്ക്ക് പോകുവാനായി സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് സംഭവം. വേദനിച്ചു നിലവിളിച്ച കുട്ടിയുടെകൈയിൽ കുടുങ്ങിയ ഇഡലി തട്ട് ഫയർഫോഴ്‌സെത്തിയാണ് കട്ടർ ഉപയോഗിച്ച് മുറിച്ചു നീക്കി കൈ സുരക്ഷിതമായി പുറത്തെടുത്തത്. തിരുവല്ല ഫയർഫോഴ്‌സ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, ഓഫീസർമാരായ സുധീഷ്, മുകേഷ്, നന്ദു, മനോജ്‌ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.