പത്തനംതിട്ട: കേരളത്തിലെ തൊഴിൽ മേഖലകളിൽ മിനിമം വേതന നിയമം ബാധകമായ 84 ഇനം സ്ഥാപനങ്ങളിൽ കുറഞ്ഞ കൂലിക്ക് വിജ്ഞാപനം പുറപ്പെടുവിപ്പിക്കാറുണ്ടെങ്കിലും, അത് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്ന് ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി വി ജെ.ജോസഫ് പറഞ്ഞു. തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പിജെ ജോയ് അദ്ധ്യക്ഷത വഹിച്ചു. പാർലമെന്റ് അംഗങ്ങളുടെ പ്രതിനിധിയായി റബർ ബോർഡിലേക്ക് തന്നെ തിരഞ്ഞെടുത്തെങ്കിലും കാലാവധി അവസാനിക്കാറായിട്ടും ഒരു യോഗം പോലും ചേർന്നിട്ടില്ലെന്ന് യോഗത്തിൽ സംസാരിച്ച ആന്റോ ആന്റണി എംപി വെളിപ്പെടുത്തി. എ.കെ മണി, ജ്യോതിഷ് കുമാർ മലയാലപ്പുഴ, എ.ഷംസുദ്ദീൻ, വി.ആർ പ്രതാപൻ, പി.ആർ അയ്യപ്പൻ, സി.ആർ നജീബ്, ജി.മുനിയാണ്ടി, രാജാ മാട്ടുക്കാരൻ, ഹരികുമാർ പൂതങ്കര, പി.കെ ഗോപി എന്നിവർ പ്രസംഗിച്ചു. തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധന ഉൾപ്പെടെയുള്ള 21 ഇന ആവശ്യങ്ങൾ സർക്കാരിന് മുമ്പാകെ സമർപ്പിക്കാൻ വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചാൽ ഫെബ്രുവരിയിൽ കേരളത്തിലെ തോട്ടം മേഖലയിലാകെ ഐ.എൻ.ടി.യു.സി സമരം ആരംഭിക്കും.