പ്രമാടം : സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഷോപ്പിംഗ് കോംപ്ളക്സ് വരുന്നതും കാത്ത് പൂങ്കാവ്. രണ്ട് വർഷം മുമ്പ് ഇതിനായി മൂന്ന് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മാണത്തിനുള്ള പ്രാഥമിക നടപടി പോലും തുടങ്ങിയിട്ടില്ല. ജില്ലാ ആസ്ഥാനത്തോട് ചേർന്നുകിടക്കുന്ന പ്രമാടം ഗ്രാമപഞ്ചായത്തിന്റെ പ്രധാന സിരാകേന്ദ്രമാണ് പൂങ്കാവ്. ഇവിടെ അത്യാധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ളക്സ് എന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. പ്രമാടത്തിനൊപ്പം ഫണ്ട് അനുവദിച്ച മറ്റ് സ്ഥലങ്ങളിൽ നിർമ്മാണം തുടങ്ങുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. പൂങ്കാവിൽ മാസങ്ങൾക്ക് മുമ്പ് സ്ഥല പരിശോധന നടത്തിയെങ്കിലും തുടർ നടപടികൾ മുടങ്ങി.

തിരക്കേറിയ കോന്നി - ചന്ദനപ്പള്ളി റോഡും പൂങ്കാവ് - പത്തനംതിട്ട റോഡും സംഗമിക്കുന്ന ജംഗ്ഷനാണ് പൂങ്കാവ്. പഞ്ചായത്തിലെ പ്രധാന മാർക്കറ്റും ഇവിടെയാണ് . വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, അക്ഷയ കേന്ദ്രം, ബാങ്കുകൾ തുടങ്ങി നിരവധി സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ പ്രധാന രാഷ്ട്രീയ - സാംസ്കാരിക -സാമുദായിക - പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതും ഇവിടെയാണ്. പുതിയ ഷോപ്പിംഗ് കോംപ്ളക്സ് വന്നാൽ പൂങ്കാവിന്റെ മുഖച്ഛായ മാറും. നിരവധി സ്ഥാപനങ്ങളും ഇവിടെ എത്തും. ഇതിലൂടെ പഞ്ചായത്തിന്റെ വരുമാനവും വർദ്ധിപ്പിക്കാൻ കഴിയും. പദ്ധതി അനന്തമായി നീളുന്നത് ഫണ്ട് നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്

പദ്ധതി ഇങ്ങനെ

മാർക്കറ്റിനുള്ളിൽ "എൽ" ആകൃതിയിൽ ബഹുനില ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. ഇതിനായി നിലവിലുള്ള നിർമ്മിതികൾ ഭാഗികമായി പൊളിക്കേണ്ടി വരും. ഫിഷ് സ്റ്റാൾ, മീറ്റ് സ്റ്റാൾ, പച്ചക്കറി സ്റ്റാളുകൾ, വിവിധ വ്യാപാര സ്ഥാപനങ്ങൾ, കോൺഫറൻസ് ഹാൾ, മിനി ഓഡിറ്റോറിയം തുടങ്ങിയവ ഉൾപ്പെടെയാണ് വിഭാവനം ചെയ്തിരുന്നത്.