കൊടുമൺ: ജില്ലാ കായികമേളയിൽ മത്സരാർത്ഥികൾക്ക് വൈദ്യസഹായം നൽകുന്നതിന് വേണ്ടി തയാറാക്കി നിറുത്തിയിരുന്ന മെഡിക്കൽ ടീം നേരത്തേ പോയതായി ആക്ഷേപം. കനത്ത മഴ വകവയ്ക്കാതെ ഇ.എം.എസ് സ്‌റ്റേഡിയത്തിൽ മത്സരം തുടരുകയായിരുന്നു. മഴ നനഞ്ഞാണ് കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തത്. ചില കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അവശനിലയിലായ മുട്ടത്തുകോണം എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ കുട്ടിയെ വൈദ്യസഹായത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഇന്നലത്തെ മത്സരങ്ങൾ സമാപിച്ചത്. ഇതിന് വളരെ മുൻപ് തന്നെ മെഡിക്കൽ സംഘം പോയതായാണ് പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളുമായി അദ്ധ്യാപകർ മെഡിക്കൽ റൂമിലെത്തിയപ്പോഴാണ് അവിടെ ആരുമില്ലെന്ന് മനസിലായത്. തുടർന്ന് അദ്ധ്യാപകർ വന്ന കാറിൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.