തിരുവല്ല : നഗരസഭയിൽ ഓഡിറ്റുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ വിളിച്ചുകൂട്ടിയ അടിയന്തര പ്രാധാന്യമുള്ള കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷനും ഉപാദ്ധ്യക്ഷനും പങ്കെടുക്കാതെ പിരിഞ്ഞു. യോഗം മാറ്റിവച്ചത് അറിയാതെ പങ്കെടുത്ത കൗൺസിലർമാർ പ്രതിഷേധമുയർത്തി. യു.ഡി.എഫിലെ ചെയർപേഴ്സൻ അനു ജോർജും എൽ.ഡി.എഫിലെ വൈസ് ചെയർമാൻ ജിജി വട്ടശേരിയും നേതൃത്വം നൽകുന്ന നഗരസഭയിൽ ഭരണ സ്തംഭനമാണെന്ന് ബി.ജെ.പി അംഗങ്ങൾ കുറ്റപ്പെടുത്തി. സമയാസമയങ്ങളിൽ കൗൺസിൽ വിളിച്ചുകൂട്ടി അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളിൽ പോലും ചർച്ച നടക്കാത്തതിനാൽ വികസന പ്രവർത്തനവും മന്ദഗതിയിലാണ്. കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ഉൾപ്പെടെ ലാപ്സാക്കിയ ഭരണസമിതിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി കൗൺസിലർമാർ അറിയിച്ചു. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ്, കൗൺസിലർമാരായ വിജയൻ തലവന, മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ, വിമൽ ജി, പൂജാ ജയൻ എന്നിവർ പ്രതിഷേധിച്ചു.