പന്തളം: അച്ചൻകോവിലാറ്റിലെ വെള്ളം കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ വാളകത്തിനാൽ പുഞ്ചയിൽ എത്തിക്കുന്നതിനുള്ള ജലസേചന പദ്ധതിയുടെ പണി പുനരാരംഭിച്ചു. ആറ്റിലേക്ക് പൈപ്പുലൈൻ ഇടുന്ന പണിയാണ് തുടങ്ങിയത്. മോട്ടോർ സ്ഥാപിക്കുന്നതിനായി വേറെ കരാർ നൽകിയിട്ടുണ്ട്. വെള്ളം ഒഴുകുന്നതിനുള്ള ഓടയുടെയും മോട്ടോർ പുരയുടേയും പണി നേരത്തേ പൂർത്തിയായിരുന്നു.
അച്ചൻകോവിലാറ്റിൽ മങ്ങാരം ആലപ്പുഴഞ്ഞി പറമ്പിനോടുചേർന്ന് മോട്ടോർപുര പണിത് വെള്ളം പമ്പുചെയ്ത് കൊട്ടയ്ക്കാട്ട് കിഴക്കേതിൽ ഭാഗത്തുള്ള മുട്ടാർ നീർച്ചാലിലേക്ക് വെള്ളമെത്തിക്കുന്നതാണ് പദ്ധതി. ഇവിടെനിന്ന് മുട്ടാർ കവലയ്ക്കുസമീപം ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മോട്ടോറുപയോഗിച്ച് വാളകത്തിനാൽ പുഞ്ചയിൽ വെള്ളമെത്തിക്കുകയായിരുന്നു ലക്ഷ്യം. മോട്ടോർപുരയ്ക്കും ഓടയ്ക്കും പ്രത്യേകതകളുണ്ട്. ആറ്റിലേക്കിറക്കി വളരെ ഉയരത്തിലാണ് മോട്ടോർപുര സ്ഥാപിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായാലും മുങ്ങിപ്പോകാത്ത തരത്തിലാണ് നിർമ്മാണം. വെള്ളം പമ്പുചെയ്യുന്ന സ്ഥലത്തേക്ക് എത്തിക്കാനായി ആറ്റിൽ ചെറിയതോട് വെട്ടിയിട്ടുണ്ട്. പമ്പുചെയ്യുന്ന വെള്ളം ഭൂമിക്കടിയിലൂടെ ഓട പണിതാണ് മണികണ്ഠനാൽത്തറ മുട്ടാർ റോഡുവരെ എത്തിക്കുന്നത്. ഇവിടെനിന്ന് റോഡ് മുറിച്ച് കലുങ്ക് പണിത് തുറന്ന ഓടയിലൂടെ നീർച്ചാലിലെത്തിക്കും.
35വർഷം മുമ്പ് കൊട്ടയ്ക്കാട്ട് കിഴക്കേതിൽ, തുരുത്തി പാടങ്ങൾക്ക് വെള്ളമെത്തിക്കുന്നതിനായി ഇതേസ്ഥലത്ത് മോട്ടോർപുരയും ഓടയും ഉണ്ടായിരുന്നു. ഇപ്പോൾ ഇതേ സ്ഥലത്താണ് ഓട പണിതിട്ടുള്ളത്. പഴയ ഓട ഉണ്ടായിരുന്ന സ്ഥാനത്തുതന്നെയാണ് പഴയത് പൊളിച്ചുമാറ്റി പുതിയ ഓട പണിതത്. ചെറുകിട ജലസേചനവകുപ്പാണ് പദ്ധതി തയ്യാറാക്കിയത്.