k

പത്തനംതിട്ട: ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ്. ആറൻമുള ക്ഷേത്രത്തിൽ ദേവസ്വം മന്ത്രി ആചാര ലംഘനം നടത്തി എന്ന ആരോപണത്തോട് പ്രതികരിച്ചുകൊണ്ടാണ് അഡ്മിൻ കുറിപ്പിട്ടിരിക്കുന്നത്. ആറൻമുള അഷ്ടമിരോഹിണി സദ്യ ഭഗവാന് നേദിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി വള്ളസദ്യയുണ്ടു എന്ന ആരോപണത്തിന് മറുപടിയായാണ് കുറിപ്പ്. രാവിലെ 11.20ന് ഭഗവാന് സദ്യ നേദിച്ച ശേഷം 11.45നാണ് മന്ത്രി സദ്യയുണ്ടതെന്നാണ് പാർട്ടിയുടെ വിശദീകരണം.

അതേസമയം, പാർട്ടിയുടെഫേസ് ബുക്ക് പോസ്റ്റ്,​ സ്വർണപ്പാളി വിവാദത്തിൽ കുടുങ്ങിയ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എ. പത്മകുമാറിനെ ഉദ്ദേശിച്ചാണെന്ന് കമന്റുകൾ വന്നു. ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ പൊറുക്കില്ലെന്ന പാർട്ടി വിശദീകരണം പത്മകുമാറിനെ കുത്തിയതാണെന്നാണ് വ്യാഖ്യാനങ്ങൾ.

ദേവസ്വം മന്ത്രി വി. എൻ. വാസവന് രക്ഷാകവചവുമായി ഇറങ്ങിയ ജില്ലാ കമ്മിറ്റി പത്മകുമാറിനെ സംരക്ഷിക്കാൻ രംഗത്തില്ലെന്നതും ശ്രദ്ധേയം.