ചെങ്ങന്നൂർ: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 16.9 കോടി രൂപ ചെലവിൽ 611 പദ്ധതികൾ പഞ്ചായത്തിൽ പൂർത്തിയാക്കിയതായി ആലാ ഗ്രാമപഞ്ചായത്ത് ഭരണ സമിതി. ഭാവി വികസനം സംബന്ധിച്ച പൊതുജനാഭിപ്രായം സ്വരൂപിക്കാൻ ആലാ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. ലൈഫ് ഭവന പദ്ധതി വഴി 85 ഭവനങ്ങൾ പൂർത്തീകരിച്ച് നൽകി. 48 ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു.

പഞ്ചായത്തിൽ 46 അതിദരിദ്രരെ കണ്ടെത്തി ഇവരെ മുക്തരാക്കി. ഡിജി കേരളം പദ്ധതിയിലൂടെ 202 പേരെ കണ്ടെത്തി പരിശീലനം നൽകി . സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി . ആരോഗ്യ മേഖലയിൽ 1.17 കോടി ചെലവിൽ നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചു. പൂമലച്ചാൽ ടൂറിസം പദ്ധതി പുരോഗമിക്കുന്നു. വിവിധ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി നാല് കോടി രൂപയിലധികം ചെലവഴിക്കാൻ കഴിഞ്ഞു. പാലിയേറ്റീവ് കെയർ പദ്ധതിയിൽ അഞ്ചുവർഷത്തിനിടെ 25 ലക്ഷം രൂപയിലധികം പഞ്ചായത്ത് ചെലവഴിച്ചു. 2024- 25 പദ്ധതിയിൽ 240 രോഗികൾക്ക് സേവനം ലഭിക്കുന്നുണ്ട്. മാലിന്യ സംസ്‌കരണത്തിൽ മുന്നിലുള്ള പഞ്ചായത്തിൽ ഹരിതകർമ്മസേന 40 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കയറ്റി അയച്ചത്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ടി എസ് താഹ വികസന സദസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹൻ പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിൽഷാദ് സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹൻ വികസന രേഖ പ്രകാശനം ചെയ്തു. ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ മുരളീധരൻ പിള്ള പഞ്ചായത്തിന്റെ നേട്ടങ്ങൾ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ ഡി രാധാകൃഷ്ണക്കുറുപ്പ് ഓപ്പൺ ഫോറം നയിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ മുരളീധരൻ പിള്ള അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൽസി വർഗീസ്, ആലാ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ രാധാമണി, ബിനി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സുധ ഷാജി, സിഡിഎസ് ചെയർപേഴ്സൺ ലില്ലിക്കുട്ടി, തുടങ്ങിയവർ പങ്കെടുത്തു.