തിരുവല്ല : വരും വർഷങ്ങളിൽ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗതവകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ഗതാഗതവകുപ്പിന്റെ സംസ്ഥാനതല സെമിനാറിൽ വിഷൻ 2031 വികസനലക്ഷ്യങ്ങൾ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. വരുന്ന ഡിസംബറിൽ ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വൻമാറ്റം ഉണ്ടാകും.പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിതയാത്രയും ഉറപ്പാക്കും.
ഡ്രൈവിംഗ് പരീക്ഷകഴിഞ്ഞ് വിജയികളാകുന്നവർക്ക് ഓഫീസിലെ കാലതാമസം ഒഴിവാക്കാൻ അപ്പോൾതന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നൽകാൻ പരിശോധന ഉദ്യോഗസ്ഥർക്കെല്ലാം ടാബ് നൽകും. സാമൂഹ്യമാറ്റങ്ങൾ ഉൾക്കൊണ്ട് എ.ഐ സാങ്കേതികവിദ്യ അടക്കം ഉപയോഗിച്ച് കെ.എസ്ആർ.ടി.സിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
വകുപ്പിന്റെ കഴിഞ്ഞ 10വർഷത്തെ നേട്ടങ്ങൾ സ്പെഷ്യൽ സെക്രട്ടറി പി.ബി നൂഹ് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ഗതാഗതകമ്മിഷണർ നാഗരാജു ചകിലം, ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി.നായർ, കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആനി ജൂലാതോമസ്, സബ് കളക്ടർ സുമിത് കുമാർ താക്കൂർ, കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ഡോ.പി.എസ്.പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.