കോഴഞ്ചേരി: സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് സത്യഗ്രഹവുമായി കുടുംബം. പുല്ലാട് 195-ാം നമ്പർ സഹകരണ സംഘത്തിന് മുന്നിലാണ് നിക്ഷേപകനായ ഗോപാലകൃഷ്ണൻ നായരും കുടുംബവും സത്യഗ്രഹം നടത്തിയത്. . ഇന്നലെ രാവിലെ 10ന് ആരംഭിച്ച സമരം ചർച്ചയെ തുടർന്ന് രാത്രിയിൽ അവസാനിപ്പിച്ചു. . പുല്ലാട് കുറുങ്ങഴ ഗൗരി സദനത്തിൽ ഗോപാലകൃഷ്ണൻ നായരും (82) ഭാര്യ ചന്ദ്രമതിയമ്മയും മകൻ അനീഷ് കുമാറുമാണ് സത്യഗ്രഹമിരുന്നത്. പുല്ലാട് പുരയിടത്തിൻ കാവിൽ 66 വർഷത്തോളമായി പലചരക്ക് കട നടത്തിക്കൊണ്ടിരുന്ന ഗോപാലകൃഷ്ണൻ നായർ തന്റെ സമ്പാദ്യമെല്ലാം സ്ഥിര നിക്ഷേപമായി ഈ സഹകരണ സംഘത്തിൽ നിക്ഷേപിക്കുകയായിരുന്നു . കഴിഞ്ഞ കുറെ വർഷങ്ങളായി പലിശ പോലും കൃത്യമായി ലഭിക്കാറില്ല . 12 ലക്ഷത്തോളം രൂപ ലഭിക്കാനുള്ളതായി ഗോപാലകൃഷൻ നായർ പറഞ്ഞു. നിക്ഷേപത്തെ സംബന്ധിച്ച് ജീവനക്കാർ നൽകുന്ന ഉറപ്പല്ലാതെ സംഘം പ്രസിഡന്റോ ഭരണസമിതി അംഗങ്ങളോ സംസാരിക്കാൻ തയ്യാറാകുന്നില്ല. . ബി.ജെ.പിയും പ്രതിഷേധവുമായെത്തി. സഹകരണ സംഘം ഓഫീസിനു മുന്നിൽ നടത്തിയ ധർണപുല്ലാട് ജില്ലാ ഉപാദ്ധ്യക്ഷൻ പി ആർ ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ പ്രസന്നൻ നായർ, മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ്, മണ്ഡലം സെക്രട്ടറി സന്തോഷ്‌ സാരഥി, ഏരിയ വൈസ് പ്രസിഡന്റ്‌ രാജശേഖൻ നായർ, ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു . രാത്രിയിൽ പൊലീസ് എത്തി സമരം നടത്തിയ കുടുംബവും ബി ജെ പി നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഇന്ന് ബാങ്ക് ഭരണസമിതിയുമായി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.