road-
കുമ്പഴ വെട്ടൂർ അട്ടചാക്കൽ റോഡ്

കോന്നി: കുമ്പഴ - വെട്ടൂർ - അട്ടച്ചാക്കൽ റോഡ് പൊട്ടിപ്പൊളിഞ്ഞു. എട്ട് വർഷങ്ങൾക്ക് മുൻപ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ വികസിപ്പിച്ച പൊതുമരാമത്ത് വകുപ്പിന്റെ റോഡാണിത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ റോഡിലെ മിക്ക സ്ഥലങ്ങളിലും കുഴികൾ രൂപപ്പെട്ടിരുന്നു. പിന്നീട് പലതവണ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കുമ്പഴയ്ക്കും കോന്നിക്കും ഇടയിൽ ഗതാഗത തടസം ഉണ്ടായാൽ പകരം ഉപയോഗിക്കുന്നത് ഈറോഡാണ്. റോഡിലെ വെട്ടൂർ ആഞ്ഞിലിക്കുന്ന് അട്ടച്ചാക്കൽ ചങ്കൂർ മുക്ക്‌ തുടങ്ങിയ ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അച്ഛൻകോവിൽ ചിറ്റാർ മലയോര ഹൈവേ ചങ്കൂർ മുക്കിൽ ഈ റോഡുമായി ചേരുന്നുണ്ട്. ശബരിമല തീർത്ഥാടന സമയത്ത് മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. വെട്ടൂർ വടക്കുപുറം മലയാലപ്പുഴ റോഡും, അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡും, ആഞ്ഞിലുകുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡും, വെട്ടൂർ, ആഞ്ഞിലിക്കുന്ന്, അട്ടച്ചാക്കൽ ജംഗ്ഷനുകളിൽ വച്ച് ഈ റോഡിൽ ചേരുന്നു. കോന്നി, മലയാലപ്പുഴ, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലെ ജനങ്ങൾ വിവിധ പ്രദേശങ്ങളിലേക്ക് പോകുവാനായി ഈ റോഡാണ് പതിവായി ഉപയോഗിക്കുന്നത്. അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിലേക്കും, കോന്നി ആനക്കൂട്ടലേക്കും പോകുന്ന വിനോദസഞ്ചാരികളും ഈറോഡ് ഉപയോഗിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും ശബരിമല തീർത്ഥാടന സമയത്ത് കാൽനടയായി വരുന്ന തീർത്ഥാടകർ ഈ റോഡിലൂടെ സഞ്ചരിച്ചാണ് അച്ഛൻകോവിൽ, കല്ലേലി, കോന്നി വഴി മലയാലപ്പുഴയിലേക്കും തുടർന്ന് വടശേരിക്കര വഴി പമ്പയിലേക്കും പോകുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡ് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

...................................

പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

ഏബ്രഹാം വാഴയിൽ

( പൊതുപ്രവർത്തകൻ )

..............................

8 വർഷം മുൻപ് അറ്റകുറ്റപ്പണി നടത്തിയ റോഡ്