vvbv
നിരീക്ഷണ ക്യാമറയെ നോക്കുകുത്തിയാക്കി ഏനാത്ത് നഗരത്തിൽ നടക്കുന്ന മാലിന്യ നിക്ഷേപം

ഏനാത്ത് : മൂന്ന് ലക്ഷം രൂപയോളം മുടക്കി പഞ്ചായത്ത്‌ അധികൃതർ ഏനാത്ത് നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയെ നോക്കുക്കുത്തിയാക്കി സമീപത്ത് മാലിന്യ നിക്ഷേപം തുടരുന്നു. ഏനാത്ത് നഗരത്തിൽ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള വയലിലേക്കാണ് പൊതു റോഡിൽ നിന്ന് മാലിന്യനിക്ഷേപം വ്യാപകമാകുന്നത്. അഴകിയ പച്ചക്കറി, അടുക്കള മാലിന്യം, പ്ലാസ്റ്റിക്ക് മാലിന്യം ഉൾപ്പെടെ ചാക്കിൽ കെട്ടിയും മറ്റുമാണ് ഇവിടെ കൊണ്ട് നിക്ഷേപിക്കുന്നത്. എന്നാൽ പരാതി വ്യാപകമായിട്ടും നിരീക്ഷണ ക്യാമറ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനോ പിഴ ചുമത്താനോ പഞ്ചായത്ത്‌ അധികൃതർ തയാറാകുന്നില്ല. ഭീമമായ തുക ചെലവാക്കിയ നിരീക്ഷണ ക്യാമറ പ്രവർത്തിക്കുന്നില്ലെന്നുള്ള ആരോപണങ്ങളും നാട്ടുകാർ ഉയർത്തുന്നുണ്ട്. അനുദിനം ഏനാത്ത് നഗരത്തിലെ മാലിന്യ നിക്ഷേപം വർദ്ധിക്കുകയാണ്. ദുർഗന്ധം കാരണം വഴിയാത്രക്കാർക്ക് പോലും സമീപത്തുള്ള റോഡിലൂടെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. മൂക്ക് പൊത്തിയാണ് ആളുകൾ ഇതുവഴി കടന്നു പോകുന്നത്. മുൻപ് മാലിന്യനിക്ഷേപം രൂക്ഷമാകുകയും പ്രതിഷേധങ്ങളും വാർത്തകളും സജീവമാകുകയും ചെയ്തപ്പോളാണ് പഞ്ചായത്ത്‌ അധികൃതർ ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ തയാറായത്. നാട്ടുകാരും വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്.

"രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത്. നിരീക്ഷണ ക്യാമറ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. സമീപത്ത് കാടുകയറിയ ഭാഗം വെട്ടിത്തെളിക്കണം"

അംബുജാക്ഷൻ വിജയ

വ്യാപാരി വ്യവസായി ഏകോപന സമിതി

ഏനാത്ത് യൂണിറ്റ് പ്രസിഡന്റ്

...........................................................

"നിരീക്ഷണ ക്യാമറയ്ക്ക് സാങ്കേതിക പ്രശ്നമുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കും. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ ചുമത്തി കർശന നടപടി പഞ്ചായത്ത്‌ സ്വീകരിക്കും.

" വിനോദ് തുണ്ടത്തിൽ

ഏഴംകുളം ഗ്രാമപഞ്ചായത്ത്

വൈസ് പ്രസിഡന്റ്