പത്തനംതിട്ട : കെ.എസ്.ഇ.ബിയുടെ ഓൺലൈൻ വൈദ്യുതി ബില്ല് നയം പ്രായമുള്ളവർക്കും സാധാരണക്കാർക്കും ബുദ്ധിമുട്ടാകുന്നതായി പരാതി. . ആയിരം രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനിലൂടെ അടയ്ക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ നിർദ്ദേശം. കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടറുകളിൽ 1000 രൂപയിൽ താഴെയുള്ള വൈദ്യുതി ബിൽ തുക മാത്രമേ സ്വീകരിക്കു. വൈദ്യുതി ബിൽ ഓൺലൈനായി അടയ്ക്കാൻ നിരവധി മാർഗങ്ങളുണ്ടെങ്കിലും എല്ലാവർക്കും ഇത് സാദ്ധ്യമാകുമോയെന്നതിൽ വ്യക്തതയില്ല. വിവിധ ബാങ്കുകളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഇതിനനുസൃതമായി ഉണ്ടെങ്കിലും അക്കൗണ്ടിൽ രൂപയില്ലാത്തവരുടെ സ്ഥിതി ശോചനീയമാണ്. അന്നന്ന് കൂലി പണമായി ലഭിക്കുന്ന കൂലിപ്പണിക്കാരൻ അക്കൗണ്ടിൽ പണമടച്ചിട്ട് ഡിജിറ്റൽ പേയ്മെന്റ് നടത്തേണ്ടിവരും. ഇവരിൽ ഭൂരിഭാഗവും അക്ഷയ പോലുള്ള കേന്ദ്രങ്ങൾ വഴിയാണ് ബില്ലടയ്ക്കുന്നത്. അവിടെ ബില്ല് തുക കൂടാതെ അൻപത് രൂപവരെ അധികം വാങ്ങുന്നതോടെ ബില്ലിനേക്കാൾ കൂടുതൽ പണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തും.
മക്കൾ സമീപമില്ലാത്ത നിരവധി പ്രായമായ രക്ഷിതാക്കൾ ജില്ലയിലുണ്ട്. ഇവർക്ക് ബില്ലടയ്ക്കാൻ ഡിജിറ്റൽ സൗകര്യങ്ങളെ ആശ്രയിക്കാൻ കഴിയില്ല. സഹായം തേടുമ്പോൾ ചില വ്യക്തികൾ പണം മറ്റ് അക്കൗണ്ടിലേക്ക് മാറ്റാറുമുണ്ടെന്ന് പ്രായമായവർ പറയുന്നു. പ്രായമേറിയവർക്ക് ഡിജിറ്റൽ സൗകര്യം പഠിച്ചെടുക്കാനും ബുദ്ധിമുട്ടാണ്.
കെ.എസ്.ഇ.ബിയിൽ 1450 രൂപ ബില്ല് അടയ്ക്കാൻ എത്തിയപ്പോൾ ഒാൺലൈനിൽ അടയ്ക്കണമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഞാൻ ഗൂഗിൾ പേ ഉപയോഗിക്കുന്നില്ല. ഫോണിൽ അത്തരം കാര്യങ്ങൾ ചെയ്യാനും അറിയില്ല. അക്ഷയയിൽ ചെന്നപ്പോൾ അവിടെ ബില്ല് കൂടാതെയും പണം അടയ്ക്കണം. ഇത് അനീതിയാണ്. പരിഹാരം കാണണം.
വി.എസ്.സുരേഷ്
(ഉപഭോക്താവ്)