റാന്നി : വെച്ചൂച്ചിറ ടൗണിൽ നിന്നും എരുമേലി, വെൺകുറിഞ്ഞി ഭാഗങ്ങളിലേക്ക് തിരിഞ്ഞുപോകുന്ന പ്രധാന കവലയിൽ ദിശാസൂചികകൾ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഇതുവഴി കടന്നുപോകുന്ന അന്യദേശക്കാരും പുതിയതായി വരുന്നവരുമാണ് വഴിതെറ്റി ഏറെയും ബുദ്ധിമുട്ടുന്നത്. പ്രധാന റോഡിൽ നിന്നും ഈ രണ്ട് പ്രധാന സ്ഥലങ്ങളിലേക്ക് തിരിയുന്ന ഭാഗത്ത് ഒരു സൂചന പോലും സ്ഥാപിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. എരുമേലിയിലേക്ക് പോകുന്ന തീർത്ഥാടകരും, ശബരിമല സീസൺ സമയത്ത് മുണ്ടക്കയം കുമളി ഭാഗത്തേക്ക് പോകേണ്ട അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളും ഈ വഴി ആശ്രയിക്കാറുണ്ട്. കൃത്യമായ ദിശാബോധമില്ലാതെ യാത്ര ചെയ്യുന്ന പലർക്കും വഴിമാറി സഞ്ചരിക്കേണ്ട സ്ഥതിയാണ്. രാത്രി സമയങ്ങളിലാണ് യാത്രക്കാർ ഏറെയും ബുദ്ധിമുട്ടുന്നത്. സമീപത്തെ നാട്ടുകാരോട് ചോദിച്ചറിഞ്ഞാണ് ഇപ്പോൾ പലരും ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതർ ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ട് ജംഗ്ഷനിൽ ആവശ്യമായ ദിശാസൂചികകൾ സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.