കോന്നി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അഫിഡവിറ്റ് കൊടുത്തത് വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തും ശബരിമലയിൽ രണ്ട് യുവതികളെ പ്രവേശിപ്പിച്ചത് പിണറായി സർക്കാരിന്റെ കാലത്തുമാണെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം പി പറഞ്ഞു. യു.ഡി.എഫിന്റെ വിശ്വാസ സംരക്ഷണയാത്രയ്ക്ക് കോന്നിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അഫിഡവിറ്റ് കൊടുത്തത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു.
ആന്റോ ആന്റണി എം.പി യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. എ .വിൻസന്റ് എം.എൽ.എ, രമ്യ ഹരിദാസ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, എം .എം .നസീർ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചുപറമ്പിൽ, പി. മോഹൻരാജ്, രജനി പ്രദീപ്,, റോബിൻ പീറ്റർ, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, വിജയ് ഇന്ദുചൂഡൻ എന്നിവർ സംസാരിച്ചു.