77
കാട്ടുപന്നികളുടെ കൂട്ടമായ ആക്രമണത്തിൽ വാഴ കൃഷി തകർന്ന കെ.സി. ചെറിയാൻ്റെ (കൊടിഞ്ഞൂർ തെക്കേതിൽ) കൃഷിയിടം

വെൺമണി: കാട്ടുപന്നികളുടെ കൂട്ടമായ ആക്രമണത്തിൽ വാഴ കൃഷി തകർന്നതോടെ കർഷകൻ വലിയ സാമ്പത്തിക നഷ്ടത്തിൽ. വിമുക്തഭടനും വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളി ട്രസ്റ്റിയുമായ കെ.സി. ചെറിയാൻ (കൊടിഞ്ഞൂർ തെക്കേതിൽ) കൃഷി ചെയ്യുന്ന വാഴത്തോട്ടത്തിലാണ് വലിയ നാശം സംഭവിച്ചത്. കഴിഞ്ഞ രാത്രിയിലാണ് കാട്ടുപന്നികൾ കൃഷിയിടം തകർത്തത്. ഏത്തവാഴ, ഞാലിപ്പൂവൻ എന്നീ ഇനങ്ങളിലുളള ഏകദേശം നാൽപ്പതിലധികം വാഴകളാണ് കുത്തിമറിച്ച് നശിപ്പിച്ചത്. നാല് മാസം പ്രായമായ വാഴകളായിരുന്നു ഇവ. കൃഷിയിടത്തിന് സമീപം കാട് പിടിച്ച സ്ഥലങ്ങളിലാണ് കാട്ടുപന്നികളുടെ വാസം.

കർഷകൻ വെൺമണി കൃഷി ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രദേശത്തെ മറ്റ് കർഷകരും സമാനമായ നഷ്ടം നേരിട്ടിട്ടുണ്ട്. കാട്ടുപന്നികളെ നിയന്ത്രിക്കാൻ വനവകുപ്പും പഞ്ചായത്തും ചേർന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.