അടൂർ : റവന്യു പുറമ്പോക്ക് ഭൂമിയിൽ നിന്നും മരം മുറിച്ചു കടത്താനുള്ള ശ്രമത്തിനെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കുറ്റക്കാർക്കെതിരെ തഹസിൽദാർ കേസെടുത്തു. മുറിച്ചിട്ട തടികൾ കസ്റ്റഡിയിൽ എടുക്കുകയും ലേലം ചെയ്യുന്നതിനുമുള്ള നടപടികൾ നിലവിൽ ഉണ്ടായിട്ടുണ്ട്. റവന്യു പുറമ്പോക്കിലെ മരം മുറിച്ചതുമായി ബന്ധപ്പെട്ട് പിഴ ഈടാക്കുമെന്ന വിവരവും ലഭ്യമാകുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് അടൂർ തോംസൺ റെസ്റ്റോറന്റിന് പിന്നിലുള്ള റവന്യു പുറമ്പോക്ക് ഭൂമിയിലെ പുളിമരം ചിലർ അതിക്രമിച്ചു കടന്നു മുറിച്ചത്. തടി മുറിച്ചു കഷ്ണങ്ങളാക്കി ഇട്ടെങ്കിലും പ്രദേശത്തിന് പുറത്തു കടത്താൻ സാധിച്ചില്ല. നഗരത്തോട് അടുത്ത് കിടക്കുന്ന ഒരു പ്രദേശത്തു നിന്നും മരം മുറിച്ചു കടത്തിയ വിഷയത്തിൽ ഇടപെടാൻ നാട്ടുകാരുടെ പരാതി ഉണ്ടായിട്ടും രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ ആദ്യ ഘട്ടത്തിൽ തയാറായില്ല. എന്നാൽ കേരളകൗമുദി ഇത് സംബന്ധിച്ച വാർത്ത പുറത്തു കൊണ്ട് വരികയും ജനകീയ സമ്മർദ്ദം ശക്തമാകുകയും ചെയ്തതോടെ അടൂർ വില്ലേജ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും തുടർന്ന് വില്ലേജ് ഓഫീസർ അടൂർ തഹസിൽദാർക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത്.