തിരുവല്ല : താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപത്രിയിൽ പുതിയതായി നിർമ്മിക്കുന്ന ബഹുനില ഒ.പി ബ്ലോക്ക് കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു. 15 കോടി ചിലവിൽ നിർമ്മിക്കുന്ന ഒ.പി കെട്ടിടം 3 നിലകളിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഫാർമസി, ഇ.സി.ജി, സി.റ്റി.സ്കാൻ, നഴ്സസ് റൂം എന്നിവയും അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. ഒന്നാം നിലയിൽ മൈനർ ഓപ്പറേഷൻ തീയറ്റർ, ഇ.എൻ.ടി ഒ.പി, ഗൈനക് ഒ.പി എന്നീ സൗകര്യങ്ങളും രണ്ടാംനിലയിൽ പീഡിയാട്രിക് ഒ.പി, വയോജനമിത്രം മുറി, ഒഫ്താൽമോളജി ഒ.പി എന്നിവയുമാണ് വിഭാവനംചെയ്തിട്ടുള്ളത്. എല്ലാ നിലകളിലും സ്ത്രീ, പുരുഷടോയ്ലെറ്റ്, കാത്തിരിപ്പ് സ്ഥലം, ലോബി എന്നിവയെല്ലാമുണ്ടാകും. മൂന്ന് നിലകളുമായി ബന്ധിപ്പിച്ച് ലിഫ്റ്റും പടിക്കെട്ടുകളും സജ്ജമാക്കും. ആശുപത്രിയിലേക്കുള്ള പ്രധാനകവാടത്തിലെ റോഡിന് അഭിമുഖമായി പടിഞ്ഞാറ് ദിശയിലേക്ക് മൂന്ന് നിലകളിലായി 32,000 ചതുരശ്ര അടിയിലാണ് പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണം. 10,200 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് ഓരോ നിലയും. മൂന്നാം നിലയുടെ മുകൾഭാഗം റൂഫ് ചെയ്യുന്നത് ഉൾപ്പെടെ അടങ്ങുന്നതാണ് പദ്ധതി. കെട്ടിട നിർമ്മാണം, ഇലക്‌ട്രിക്കൽ ജോലികൾ, ഇലക്‌ട്രോണിക്‌സ് ജോലികൾ എന്നിവയ്ക്കെല്ലാം കൂടിയാണ് തുക. ഇതുകൂടാതെ നിലവിലെ ഐ.പി ബ്ലോക്കിലേക്ക് ഒ.പി കെട്ടിടത്തിൽ നിന്ന് പ്രവേശിക്കുന്നതിനുള്ള പാലവും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റബറിൽ ആരംഭിച്ച നിർമ്മാണത്തിന്റെ കരാർ കാലാവധി ഒന്നര വർഷമാണ്.
...................................................
3 നിലകൾ
നിർമ്മാണച്ചെലവ് 15 കോടി
10,200ചതുരശ്ര അടി വിസ്‌തീർണം
നിർമ്മാണ കാലാവധി 18 മാസം