കോഴഞ്ചേരി: വിശ്വാസികളെ വേദനിപ്പിക്കുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് കെ. പി സി സി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് പറഞ്ഞു. കെ.പി സി.സി യുടെ ആഭിമുഖ്യത്തിൽ അടൂർ പ്രകാശ് എം പി യും എ. വിൻസന്റ് എം എൽ എയും നയിക്കുന്ന വിശ്വാസ സംരക്ഷഷണ യാത്രയുടെ ആറന്മുള മണ്ഡലത്തിലെ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ദ്ദേഹം. അധികാരത്തിൽ വന്ന കാലം മുതൽ ശബരിമലയ്ക്കെതിരായുള്ള ആസുത്രിത നീക്കം നടത്തുകയാണ് ഈ സർക്കാർ. ശബരിമലയിലെ ആചാരങ്ങൾക്കെതിരായുള്ള സുപ്രീം കോടതി വിധി ഉണ്ടാവാൻ കാരണം പിണറായി സർക്കാർ മുൻ യു.ഡി.എഫ് സർക്കാർ നല്കിയ സത്യവാങ്മൂലം തിരുത്തി നൽകിയതുമൂലമാണ്. . ഐസ് ആർ. ഒ ഉപഗ്രഹ വിക്ഷേപണം നടത്തി ഭ്രമണപഥത്തിലെത്തിയ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിമാർ വിജയം ഉദ്ഘോഷിച്ചു സന്തോഷിച്ചത് പോലെയാണ് പൊലീസ് സഹായത്തോടെ അവിശ്വാസികളായ കനക ദുർഗയേയും ബിന്ദുവിനെയും ശബരിമലയിലെത്തിച്ച ശേഷം പിണറായി വിജയൻ പ്രതികരിച്ചത്. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ ഹൃദയം തകർന്നപ്പോൾ മുഖ്യമന്ത്രിയുടെ പരിഹാസച്ചിരി വിശ്വാസികൾ മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. . മുൻ എം. എൽ. എ അഡ്വ.കെ .ശിവദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി സി സി ജനറൽ സെക്രട്ടറിമാരായ പി. മോഹൻ രാജ് , പഴകുളം മധു , വൈസ് പ്രസിഡന്റ് രമ്യാ ഹരിദാസ് , ഷാനിമോൾ ഉസ്മാൻ , രാഷ്ട്രീയ കാര്യസമിതി അംഗം പന്തളം സുധാകരൻ , സെക്രട്ടറി അനീഷ് വരിക്കണ്ണാമല , ജോർജ് മാമൻ കൊണ്ടൂർ, മുൻ എം എൽ എ മാലേത്ത് സരളാദേവി ,എ. സുരേഷ് കുമാർ , വെട്ടൂർ ജ്യോതി പ്രസാദ് ,കെ.കെ. റോയ്സൺ ,ജെറി മാത്യു സാം , രജനി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.