തിരുവല്ല : കവിയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ വർഷങ്ങളായി വാടകയ്ക്ക് താമസിച്ചിരുന്ന നിർദ്ധന കുടുംബത്തിന് മുണ്ടിയപ്പള്ളി കൊണ്ടൂർ ദർശനയിൽ ഡോക്ടർമാരായ കമൽ ദീപും ഭാര്യ ഗംഗയും ചേർന്ന് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകി. ഏഴു വർഷങ്ങൾക്കു മുമ്പ് കാൻസർ രോഗം മൂലം ഭർത്താവ് മരണപ്പെടുകയും ഒരു മകന് ഈ രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ ദുരിതത്തിലായ ശാന്തി ഗോപാലകൃഷ്ണനും മക്കൾക്കുമാണ് തലചായ്ക്കാൻ ഒരിടം ലഭിച്ചത്. സുമനസുകളുടെ സഹായത്താലും പൊതിച്ചോറ് വിൽപ്പന നടത്തിയുമാണ് ഇവർ കുടുംബം പുലർത്തുന്നത്. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ ശാന്തിയുടെയും കുടുംബത്തിന്റെയും ദൈന്യജീവിതം ഡോക്ടർ ദമ്പതികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് സ്ഥലം സൗജന്യമായി നൽകിയത്. ശാന്തിയുടെ കുടുംബത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ആധാരം ഇന്നലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പെരിങ്ങര സന്തോഷ് കുമാർ ആധാരത്തിന്റെ എഴുത്തുകൂലിയും വാങ്ങിയില്ല. ഈ കുടുംബത്തിന് വീട് നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ്കുമാർ അറിയിച്ചു.