കോഴഞ്ചേരി : കേരള ജനതയെ ഐശ്വര്യ പൂർണമായ ജീവിത ക്രമത്തിലേക്കു നയിക്കുവാൻ വേദത്തിലേക്ക് മടങ്ങുവാൻ തയ്യാറാവണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാർഗദർശകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സന്യാസി ശ്രേഷ്ഠൻമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയോടനുബന്ധിച്ച് കോഴഞ്ചേരിയിൽ നടന്ന ഹിന്ദു മഹാ സംഗമത്തിൽ ധർമ്മ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

. കേരളത്തിനാവശ്യം നശീകരണത്തിന്റെ നവകേരളമല്ല. വേദ സംസ്കാരത്തെ വളച്ചൊടിച്ച് അന്ധകാരാധിഷ്ഠിതമായ അനാചാരങ്ങൾക്കിടയാക്കിയ മദ്ധ്യകാല കേരളഘട്ടമല്ല ആഹ്വാനം കൊണ്ട് ഉദ്ദേശിക്കുന്നത്. യഥാർത്ഥ വേദ സത്ത ഉൾക്കൊണ്ടു കൊണ്ടു തന്നെയാണ് ചട്ടമ്പി സ്വാമിയും ശ്രീ നാരായണ ഗുരുവും അയ്യാസ്വാമികളും മന്നത്ത് പത്മനാഭനും അയ്യൻകാളിയും പണ്ഡിറ്റ് കറുപ്പനും ഇരുണ്ട നൂറ്റാണ്ടുകളെ അതിജീവിക്കാൻ സമൂഹത്തെ പ്രാപ്തമാക്കിയത് . സ്വത്വത്തെ തിരിച്ചറിഞ്ഞ് ആചരണത്തിലൂടെ സംസ്കാരത്തെ തലമുറകളിലേക്ക് പകർന്നു നൽകുന്ന കുടുംബാന്തരീക്ഷം കേരളത്തിലെ ഹിന്ദു സമൂഹം വീണ്ടെടുക്കണം. ഹിന്ദു എന്ന തായ് വേരില്ലെങ്കിൽ ജാതി ഇല്ല എന്ന് ജാതി അഭിമാനികൾ മനസിലാക്കണം. ഇന്നും ആരാധനാലയങ്ങളിൽ പരസ്പരം കയറാനും കയറ്റാനും തയ്യാറാവാത്ത സമൂഹങ്ങൾ മതത്തിന്റെ പേരിൽ ഒന്നിച്ചു നിൽക്കുമ്പോൾ ആരാധാനാലയങ്ങളിൽ ഒന്നിച്ചു പോകുന്ന ഹിന്ദു സമൂഹം ഭിന്നിച്ചു നിൽക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വള്ളിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ആപ്തലോകാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. സ്വാമിനി ദേവി ജ്ഞാനാഭ നിഷ്ഠാനന്ദ ഗിരി ആമുഖ പ്രഭാഷണം നടത്തി. സ്വാമി പ്രജ്ഞാനന്ദ തീർത്ഥ പാദർ, മഹാ മണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി , ബ്രഹ്മ കുമാരി ജ്യോതി ബിന്ദു ബഹൻ , സ്വാമി ചിദാനന്ദപുരി മഹാരാജ് , സ്വാമി സർവാത്മാനന്ദ ,സ്വാമിനി ഭവ്യാമൃത പ്രാണ , മാതാജി കൃഷ്ണാനന്ദ പൂർണ്ണിമ എന്നിവർ സംസാരിച്ചു. യാത്രയുടെ ഭാഗമായി രാവിലെ ആറന്മുളയിൽ ഹിന്ദു നേതൃസമ്മേളനവും നടന്നു.