dd
പരുമലപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ പരുമലപള്ളി സെമിനാരി ഹാളിൽ ചേർന്ന യോഗം

ചെങ്ങന്നൂർ : 26 മുതൽ നവംബർ മൂന്നു വരെ നടക്കുന്ന പരുമലപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോയിൽ 24 മണിക്കൂറും ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തിക്കും. 9188933746 ആണ് ഫോൺ നമ്പർ. തീർത്ഥാടകർക്കായി രാത്രിയിലടക്കം വിവിധ പ്രദേശങ്ങളിലേക്ക് ബസ് സർവീസ് ഉണ്ടാകും. പെരുന്നാളിന്റെ ഒരുക്കം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ വിലയിരുത്തി.
തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദേശിച്ചു. . 10 സെക്ടറായി തിരിച്ച് സുരക്ഷയ്ക്കായി വിശദമായ പദ്ധതി പൊലീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറും പൊലീസ് സേവനം ഉണ്ടാകും. 25 കേന്ദ്രങ്ങളിൽ പൊലീസ് ട്രാഫിക് നിയന്ത്രിക്കും. വാഹനങ്ങൾക്കായി വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കും. നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും.
അനധികൃത കച്ചവടം ഒഴിപ്പിക്കും. യാചക നിരോധന മേഖലയായി പ്രഖ്യാപിക്കുന്നത് പരിഗണിക്കും. ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നവർക്കും പാചകം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കും. പദയാത്രയ്ക്കിടെ 24 മണിക്കൂറും ആംബുലൻസ് സർവീസുണ്ടാകും. മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവർത്തിക്കും. ആവശ്യമെങ്കിൽ സ്വകാര്യ ബസുകൾക്ക് താത്കാലിക പെർമിറ്റ് നൽകുന്നത് പരിശോധിക്കും.
മാത്യു ടി തോമസ് എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, കടപ്ര, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അശോകൻ, അമ്മാളുക്കുട്ടി സണ്ണി, ഡെപ്യൂട്ടി കളക്ടർ ആർ രാജലക്ഷ്മി, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് എന്നിവർ പങ്കെടുത്തു.