light
മുത്തൂരിൽ ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ കാഴ്ചമറച്ച് എം.സി റോഡിലേക്ക് തണൽമരം വളർന്നു നിൽക്കുന്നു

തിരുവല്ല : എം.സി റോഡിൽ മുത്തൂർ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ കാഴ്ചമറച്ച് തണൽ മരം വളർന്ന് പന്തലിച്ചു നിൽക്കുന്നത് ദുരിതമാകുന്നു . എം.സി റോഡ് കൂടാതെ കാവുംഭാഗം, കുറ്റപ്പുഴ, ചുമത്രയിലെ ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ സംഗമിക്കുന്ന തിരക്കേറിയ മുത്തൂർ ജംഗ്‌ഷനിലാണ് തണൽമരം അപകട ഭീഷണി ഉയർത്തുന്നത്. എം.സി റോഡിൽ പെരുന്തുരുത്തിയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹന യാത്രികരാണ് സിഗ്നൽ ലൈറ്റ് തെളിയുന്നത് കാണാനാകാതെ ബുദ്ധിമുട്ടുന്നത്. മുത്തൂർ ജംഗ്ഷനിലെ ശ്രീഭദ്ര ഓഡിറ്റോറിയത്തിന് എതിർഭാഗത്ത് റോഡിൽ നിൽക്കുന്ന തണൽ മരത്തിന്റെ ശിഖരങ്ങൾ സിഗ്നൽ ലൈറ്റും മറച്ച് വളർന്ന് നിൽക്കുകയാണ്. വാഹനങ്ങൾ സ്റ്റോപ്പ് ചെയ്യാനും പോകാനും ലൈറ്റ് തെളിയുന്നത് കാണാനാകുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ട്രാഫിക് പൊലീസ് അധികൃതരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവരാണ് പലപ്പോഴും വാഹനയാത്രികരെ കടത്തിവിടുന്നത്.