പന്തളം : ഇതര സംസ്ഥാന തൊഴിലാളികളിൽ സിന്തറ്റിക്ക് ലഹരി ഉപയോഗം വ്യാപകം ,ഒരാഴ്ചക്കുള്ളിൽ അറസ്റ്റിലായത് പത്തിലേറെ പേർ. പന്തളം നഗരസഭ പരിധിയിലുള്ള അന്യസംസ്ഥാനത്തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്‌സുകൾ കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും നടക്കുന്നത്. ഇവർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം. രാത്രികാലങ്ങളിൽ ഇവർ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തി പൊലീസ് പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടിയെങ്കിലും യഥാർത്ഥ കണ്ണികൾ പുറത്തുവിലസുകയാണ്. അടുത്തകാലത്ത് കൂട്ടത്തോടെ എത്തിയ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ സിന്തറ്റിക്ക് ലഹരികളുടെ വില്പനയും ഉപയോഗവും വ്യാപകമാകുന്നതായി പരാതിയുണ്ട്. പന്തളം കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്വാട്ടേഴ്‌സുകൾ കേന്ദ്രീകരിച്ചാണ് വിൽപ്പനയും ഉപയോഗവും. സ്ത്രീകൾ ഉൾപ്പെടെ സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്നതായി അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
കുടുംബമായി താമസിക്കുന്നെന്ന വ്യാജേന ലഹരി വില്പന
ബ്രൗൺ ഷുഗർ, എം.ഡി.എം.എ പോലുള്ള മാരക രാസ ലഹരികൾ ഇവർക്കിടയിൽ സുലഭമാണ്.അന്യ സംസ്ഥാന തൊഴിലാളികൾക്കൊപ്പം മലയാളി യുവാക്കളും ഇവിടെ ലഹരി വാങ്ങാൻ എത്തുന്നുണ്ട്. പുറമെ നിന്നുളളവർക്കും പൊലീസിന് സംശയം തോന്നാതിരിക്കാൻ യുവതികളെയും ലഹരി സംഘത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. കുടുംബമായി താമസിക്കുന്നു എന്ന വ്യാജേന ലഹരി വില്പനയും നടത്തുകയാണ് ലക്ഷ്യം. ബാറുകളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നുമാണ് ഈ സംഘം ഉപഭോക്താക്കളെ കണ്ടെത്തുന്നത്. വലയിലാക്കുന്നവരെ സൗഹൃദം നടിച്ച് ക്വാട്ടേഴ്‌സിൽ എത്തിക്കുന്നു. അവിടെവെച്ചാണ് ലഹരി ഉപയോഗവും വില്പനയും. പിടികൂടുന്നവരെ പുറത്തുകൊണ്ടുവരാനും പ്രാദേശിക ഇടപെടലുകൾ ഉണ്ടെന്നാണ് വിവരം. -