വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എല്ലാ രംഗത്തും പഞ്ചായത്ത് മികച്ച വികസന നേട്ടം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തെ ഭരണ സമിതിയുടെ നേട്ടങ്ങൾ പഞ്ചായത്തിൽ ദൃശ്യമാണ്. അനുവദിച്ച മുഴുവൻ തുകയും പഞ്ചായത്തിൽ വിനിയോഗിക്കാൻ ഭരണസമിതിക്ക് സാധിച്ചു. കാർഷിക ഇടപെടലിലൂടെ 150 ഹെക്ടർ ഭൂമി കൃഷിയോഗ്യമാക്കി. കൃഷി ഉപേക്ഷിച്ച കർഷകരെ തിരിച്ചു കൊണ്ട് വന്നു. വള്ളിക്കോട് ശർക്കര പുതിയ മാതൃകയിൽ സ്വന്തം ബ്രാൻഡിൽ സൃഷ്ടിച്ചു. പഞ്ചായത്തിൽ റോഡ്, ആശുപത്രി, സ്‌കൂൾ, കുടിവെള്ള പദ്ധതി തുടങ്ങി എല്ലാ മേഖലയിലും മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായും എം.എൽ.എ പറഞ്ഞു. പ്രസിഡന്റ് ആർ. മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഇഹെൽത്ത് രജിസ്‌ട്രേഷനുള്ള ഉപകരണത്തിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. മികച്ച പ്രവർത്തനം നടത്തിയ ഹരിത കർമ്മ സേനാ അംഗങ്ങളെ അനുമോദിച്ചു. തെളിനീർ കുടിവെള്ള പദ്ധതിക്കായി ഭൂമിധാനം നൽകിയ ഡോ.കെ.കെ ശ്രീനിവാസൻ, പി സി ചാക്കോ, ടി. ജെയിംസ് എന്നിവരെയും ആദരിച്ചു. സെക്രട്ടറി പി.ജെ. രാജേഷ് കുമാർ , കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നീതു ചാർലി, പ്രസന്ന രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീത, എം.പി.ജോസ്, പ്രസന്ന കുമാരി അംഗങ്ങളായ സുധാകരൻ, ലക്ഷ്മി, തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.