ഏഴംകുളം : ഏഴംകുളം ഒലിവ് ഓഡിറ്റോറിയം -പാറയിൽ റോഡിൽ മുക്കോട്ട് പടി ഭാഗത്ത് വിജനമായ സ്ഥലത്ത് മദ്യപാന സംഘങ്ങൾ തമ്മിലുള്ള സംഘർഷം പതിവാകുന്നു. പുറത്തു നിന്നുള്ള ആളുകൾ സംഘടിതമായി ഇവിടെയെത്തി മദ്യപിക്കുക പതിവാണ്. ഈ റോഡിൽ പാറയിൽ മുതൽ മുക്കോട്ട് പടി വരെയുള്ള ഭാഗം ആൾതാമസമില്ലാതെ കാടുമൂടി കിടക്കുന്ന അവസ്ഥയിലാണ്. പ്രദേശമാകെ ഇപ്പോൾ മദ്യക്കുപ്പികളും ഭക്ഷണ മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാത്രിയായാൽ ഇതുവഴിയുള്ള യാത്ര ജനങ്ങൾ ഭയക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ വെളിയിൽ നിന്നും വന്ന മദ്യപാനികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഭക്ഷണ അവശിഷ്ടങ്ങൾ ഇടുന്നതിനാൽ രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത്. പൊലീസ് പെട്രോളിംഗ് ഈ പ്രദേശത്തേക്ക് കാര്യമായി ഉണ്ടാകാറില്ല. പ്രദേശവാസികൾ പൊലീസിൽ പരാതിൽ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
...................................
മദ്യപാന സംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പതിവാണ്. പൊലീസ് പെട്രോളിംഗ് ഈ പ്രദേശത്തു ശക്തമാക്കണം.
സതീശൻ നായർ
(ബി.ജെ.പി ഏഴംകുളം
ഏരിയാ പ്രസിഡന്റ്)
......................................
ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ അധികൃതർ തയാറാകണം. പൊലീസ് പെട്രോളിംഗ് ശക്തമാക്കണം
ബിനിൽ ബിനു
(കോൺഗ്രസ്
വാർഡ് പ്രസിഡന്റ് )