തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്ത് 117 -ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. രണ്ടാംവാർഡിൽ വർഷങ്ങളായി മുണ്ടിയപ്പള്ളിയിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന അങ്കണവാടി നിർമ്മിക്കാൻ എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എസ്. എഴുമറ്റൂരാണ് മൂന്നുസെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങി ഗ്രാമപഞ്ചായത്തിന് കൈമാറിയത്. ജില്ലാപഞ്ചായത്തിന് അനുവദിച്ച സെൻട്രൽ ഫിനാൻസ് കമ്മീഷൻ ഗ്രാന്റായ 10ലക്ഷം ജില്ലാപഞ്ചായത്തംഗം സി.കെ.ലതാകുമാരി അംഗൻവാടി നിർമ്മിക്കാൻ നൽകുകയും ഗ്രാമപഞ്ചായത്തിന്റെ 8ലക്ഷവും ചെലവഴിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം സി.കെ.ലതാകുമാരി, വസ്തു സൗജന്യമായി നൽകിയ രവീന്ദ്രൻ എസ്.എഴുമറ്റൂർ എന്നിവർ മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് കെ.ആർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാരി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോൺ,പഞ്ചായത്ത് മെമ്പർമാരായ ലിൻസി മോൻസി, സിന്ധു വി.എസ്, പ്രവീൺഗോപി,അനിതാസജി, രാജശ്രീ കെ.ആർ,മുൻപഞ്ചായത്ത് വൈസ് പ്രസിഡന്റ് വർഗീസ് പി.ഹാനോക്ക്,ആസൂത്രണസമിതിഅംഗം കെ.ജെ.യോഹന്നാൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം, ഐ.സി.ഡി.എസ് സൂപ്പർവൈസർ റീന കെ.ആർ, കുടുംബശ്രീ ചെയർപേഴ്സൺ ശാന്തമ്മ ശശി,കൊച്ചിട്ടി എബ്രഹാം എന്നിവർ പ്രസംഗിച്ചു.