പന്തളം : ഒരു മാസം മുമ്പ് നിർമ്മാണം പൂർത്തിയായ ഓട കനത്ത മഴയിൽ തകർന്നുവീണ് പരിസരത്ത് വെള്ളം കയറി. പന്തളം നഗരസഭയിലെ 25-ാം വാർഡിൽ ചിറ മുടി പാലത്തടം റോഡരികിലെ ഓട നിർമ്മാണമാണ് കഴിഞ്ഞ ഒരു മാസം മുമ്പ് പൂർത്തിയായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഉണ്ടായ കനത്ത മഴയിൽ ഓട പൂർണ്ണമായും തകർന്നുവീഴുകയായിരുന്നു. നിർമ്മാണത്തിലെ പോരായ്മയാണ് തകർന്നുവീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. 4 ലക്ഷം രൂപ മുടക്കി 100 മീറ്റർ റോഡിന് സൈഡിൽ ആയാണ് ഓട നിർമ്മിച്ചത്.ആറുമാസം മുമ്പ് റോഡിന്റെ നിർമ്മാണവും പൂർത്തിയാക്കിയിരുന്നു.