nambamboothiri

പമ്പ: ഇന്ന് ശബരിമല ദർശനം നടത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന് പമ്പ മേൽശാന്തി ടി.എസ്. വിഷ്ണുനമ്പൂതിരി ഇരുമുടിക്കെട്ട് നിറച്ചുനൽകും. പമ്പ ഗണപതി ക്ഷേത്രത്തിനു പിന്നിലുള്ള കെട്ടുനിറ മണ്ഡപത്തിൽ വച്ചാണ് രാഷ്ട്രപതിക്കും ഏറ്റവും അടുത്ത ബന്ധുക്കൾക്കുമായി ഇരുമുടിക്കെട്ട് ഒരുക്കുന്നത്. ഇതിലേക്കുള്ള നെയ്ത്തേങ്ങ നിറയ്ക്കുന്നത് രാഷ്ട്രപതി തന്നെയാണ്. തുടർന്ന് ശരണംവിളിയോടെ രാഷ്ട്രപതിയുടെ ശിരസിലേക്ക് വിഷ്ണു നമ്പൂതിരി ഇരുമുടിക്കെട്ട് വച്ചുകൊടുക്കും. ഇന്നു രാവിലെ 9.30നും 10നും ഇടയിലാണ് ചടങ്ങ്. അപൂർവമായ ഈ അവസരം ലഭിച്ചത് അയ്യപ്പന്റെ അനുഗ്രഹത്താലാണെന്ന് വിഷ്ണുനമ്പൂതിരി പറഞ്ഞു. രാജ്ഭവനിൽ നിന്നാണ് കെട്ടുനിറയ്ക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്.

രാഷ്ട്രപതിക്കുൾപ്പെടെ നാല് ഇരുമുടികളാണ് തയ്യാറാക്കുന്നത്. കൂടെയുള്ളവർക്ക് കെട്ടുനിറയ്ക്കുന്നത് പമ്പയിലെ മറ്റൊരു മേൽശാന്തി ശങ്കരൻ നമ്പൂതിരി, മകൻ ആകാശ് നാരായണൻ, പരികർമ്മി വിടൽദാസ് എന്നിവരാണ്. ഇരുമുടിക്കെട്ടേന്തുന്ന രാഷ്ട്രപതി ഗണപതി ക്ഷേത്രത്തിൽ തൊഴുത് തേങ്ങയുടയ്ക്കും. സമീപത്തെ ഹനുമാൻ ക്ഷേത്രത്തിലും തൊഴുതശേഷം പ്രത്യേകം സജ്ജമാക്കിയ ഗൂർഖാ ജീപ്പിൽ സന്നിധാനത്തേക്ക് പോകും.
കെട്ടുനിറയ്ക്കുള്ള സാധനങ്ങൾ ഇന്നലെ പമ്പയിലെത്തിച്ചു. ഇവ കേന്ദ്ര സുരക്ഷാ സേനയുടെയും രാഷ്ട്രപതി ഭവന്റെയും ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇരുമുടിക്കെട്ടിന്റെ കരാറെടുത്തിട്ടുള്ള തിരുവനന്തപുരം സ്വദേശി ബിജുവാണ് സാധനങ്ങൾ എത്തിച്ചത്.