road-
റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പുതുക്കട-ചിറ്റാർ റോഡിലെ പൊട്ടൻമൂഴിയിൽ നാട്ടുകാർ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചപ്പോൾ

റാന്നി : വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പുതുക്കട-ചിറ്റാർ റോഡിലെ പൊട്ടൻമൂഴിയിൽ നാട്ടുകാർ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു. അധികൃതരുടെ അനാസ്ഥയിൽ വലഞ്ഞാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊട്ടൻമൂഴിയിലെ ഈ റോഡ് കാലങ്ങളായി ഗതാഗതയോഗ്യമല്ലാത്ത നിലയിൽ തുടരുകയാണ്. വലിയ കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുസഹമായതോടെയാണ് ജനങ്ങൾ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് തിരിഞ്ഞത്. മഴക്കാലമായതോടെ കുഴികളിൽ വെള്ളം കെട്ടിനിന്ന് റോഡ് ചെളി നിറഞ്ഞ് കുള'മായി മാറിയ സ്ഥിതിയാണ്. റോഡിനെ ആശ്രയിച്ച് നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. വാഹനങ്ങൾക്ക് പതിവായി കേടുപാടുകൾ സംഭവിക്കുന്നത് യാത്രക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി പരാതിയുണ്ട്. കൂടാതെ, ആശുപത്രി ഉൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തുപോകുന്നവർ പോലും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. സമയബന്ധിതമായി എത്തേണ്ട അത്യാവശ്യ യാത്രകൾ പലപ്പോഴും തടസപ്പെടുന്നു. വാഴ നട്ടുള്ള പ്രതിഷേധത്തിലൂടെയെങ്കിലും അധികൃതരുടെ കണ്ണ് തുറക്കുമെന്നും റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രദേശവാസികൾ. റോഡ് നവീകരണത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

...................................................

"വണ്ടി ഓടിക്കാൻ പേടിയാണ്, എപ്പോഴാണ് റോഡിൽ കുടുങ്ങുക എന്ന് പറയാൻ പറ്റില്ല. എത്രയോ തവണ പരാതി നൽകി, എന്നിട്ടും ഒരു നടപടിയുമില്ല,"

അഭിജിത്

(നാട്ടുകാരൻ)