101
കുന്നത്തുമലയിലെ തീർത്ഥാടക വിശ്രമ കേന്ദ്രം പാതിവഴിയിൽ നിലച്ച നിലയിൽ

ചെങ്ങന്നൂർ: മണ്ഡലകാലം ആരംഭിക്കാൻ ഒരുമാസം മാത്രമേ ബാക്കിനിക്കെ ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃത‌ർ പരാജയമെന്ന് ആക്ഷേപം. ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് താമസത്തിനും ടോയ്ലെറ്റ് വിശ്രമ സൗകര്യങ്ങൾക്കുമുള്ള ക്രമീകരണങ്ങൾ ഇല്ലാത്തത് ഗുരുതര പ്രതിസന്ധിയാവുകയാണ്. കിഫ്ബി ഫണ്ടിൽ 10.48 കോടി രൂപ ചെലവിൽ കുന്നത്തുമലയിൽ നിർമ്മിക്കുന്ന മൂന്നുനില ഇടത്താവള കെട്ടിടത്തിന്റെ പണി പാതിവഴിയിലാണ്. 2019ൽ ആരംഭിച്ച പദ്ധതി രണ്ടുവർഷത്തിനകം പൂർത്തിയാക്കുമെന്ന വാഗ്ദാനം നിറവേറ്റാതെ, ഒരു നില പോലും പൂർത്തിയായിട്ടില്ല. നിർമ്മാണ ചുമതലയുള്ള നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനെയാണ് ദേവസ്വം ബോർഡ് കുറ്റപ്പെടുത്തുന്നത്. 40,000 ചതുരശ്ര അടിയിൽ 25 കാറുകൾക്ക് പാർക്കിംഗ്, 300 തീർത്ഥാടകർക്ക് താമസ സൗകര്യം, 350 പേർക്ക് അന്നദാന മണ്ഡപം, പാചകശാല, മൂന്ന് ലിഫ്റ്റ്, ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റ് എന്നിവയായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. മുൻപുണ്ടായിരുന്ന ഭജനമഠവും താത്കാലിക ടോയ്ലെറ്റും പൊളിച്ചുനീക്കിയതോടെ തീർത്ഥാടകർ കൂടുതൽ ദുരിതത്തിലായി. ക്ഷേത്രത്തിന് സമീപമുള്ള ടോയ്ലെറ്റ് അപര്യാപ്തമായതും ശുചീകരണ പ്രവർത്തനങ്ങൾ നടത്താതിരുന്നതും ദുർഗന്ധം വമിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്

കുടിവെള്ള ക്ഷാമം രൂക്ഷം

കുന്നത്തുമല ജലസംഭരണിയിൽ ചോർച്ചയുള്ളതിനാൽ 4.5 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് പൂർണ്ണമായി ഉപയോഗിക്കാനാകുന്നില്ല. റെയിൽവേ സ്റ്റേഷനിലും പ്രതിദിനം ആവശ്യമായ രണ്ട് ലക്ഷം ലിറ്റർ വെള്ളത്തിന് ക്ഷാമം ഉണ്ടാകും. മിത്രപ്പുഴക്കടവിൽ സുരക്ഷ വേലികൾ തകർന്നതും ചെളിയടിയുമുള്ള അവസ്ഥയും അപകട ഭീഷണി വർദ്ധിപ്പിക്കുന്നു. സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും ഇല്ല. ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി നിയോജകമണ്ഡലത്തിൽ ഒരേയൊരു ഓഫീസർ മാത്രമുള്ളതിനാൽ ഗുണനിലവാരം ഉറപ്പാക്കാനാവുന്നില്ല.

വാഹന പാർക്കിംഗ് സൗകര്യമില്ല

പാർക്കിംഗ് സൗകര്യമില്ലാതെ കെ.എസ്.ആർ.ടി.സി ബസുകൾ എം.സി റോഡിനരികിലാണ് പാർക്ക് ചെയ്യുന്നത്. കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്. ക്ഷേത്രത്തിലേക്കുള്ള കിഴക്ക് റോഡ് ഇടിഞ്ഞതും പരിഹരിച്ചിട്ടില്ല. ശബരിമല തീർത്ഥാടനത്തിനായി അനുവദിച്ച ഫണ്ട് നഗരസഭ മറ്റ് ആവശ്യങ്ങൾക്ക് മാറ്റിയതായും ആരോപണമുണ്ട്.

................................................

ഇടത്താവളത്തിന് ചെലവ് 10.48 കോടി

2019ൽ ആരംഭിച്ച പദ്ധതി

...................

ഈ മണ്ഡലകാലത്ത് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും ശുചീകരണത്തിനുമായി
25 ലക്ഷം രൂപ അനുവദിക്കാൻ നടപടി സ്വീകരിക്കും.

(മന്ത്രി സജി ചെറിയാൻ)​

ശബരിമല ഇടത്താവളമായ ചെങ്ങന്നൂരിൽ അടിസ്ഥാന സൗകര്യങ്ങൾ എത്രയും പെട്ടെന്ന് ഒരുക്കണം.

അഡ്വ. ഡി. വിജയകുമാർ

(അഖില ഭാരതീയ അയ്യപ്പ

സേവാസംഘം ജനറൽ സെക്രട്ടറി)