നാരങ്ങാനം: പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രിയിൽ നാരങ്ങാനം നോർത്ത് അഞ്ചുതോട് നല്ലാനിക്കുന്നത്ത് പി.കെ സോമരാജന്റെ പറമ്പിലെ ചേമ്പും കപ്പയും നശിപ്പിച്ചു. വിളവെത്താറായ ഇരുപത്തിയഞ്ച് മൂട് വീതം കപ്പയും ചേമ്പുമാണ് നശിപ്പിച്ചത്. കമ്പിവേലി കെട്ടി സംരക്ഷിച്ച പറമ്പിലാണ് കാട്ടുപന്നികൾ കയറിയത്. വേലിക്കടിയിലെ മണ്ണ് തുരന്നാണ് പന്നികൾ അകത്തുകയറിയത്. കൃഷിക്ക് ശല്യമാകുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. കാട്ടുപന്നികളെ തുരത്താൻ അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം.