തിരുവല്ല: ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഡിസംബർ 18 മുതൽ 25 വരെ നടക്കുന്ന സത്രസ്മൃതി ഭാഗവത മഹായജ്ഞത്തിന് മുന്നോടിയായി 108 ദിവസം തുടർച്ചയായി നടത്തുന്ന നാരായണീയ പാരായണം 50ദിവസം പിന്നിട്ടതിന്റെ ഭാഗമായി സമ്പൂർണ നാരായണീയയജ്ഞം നടത്തി. കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം ഡോ.ഗീത സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. ക്ഷേത്ര പ്രസിഡന്റ് ആർ.പി.ശ്രീകുമാർ ശ്രീപദ്മം അദ്ധ്യക്ഷത വഹിച്ചു. സത്രനിർവഹണ സമിതി ജനറൽ കൺവീനർ ശ്രീകുമാർ ചെമ്പോലിൽ, ഗണേഷ് രാഗവില്ല, ഗിരീഷ് പുളിയ്ക്കൽ, വസന്ത രാജൻ, മായ ഉണ്ണികൃഷ്ണൻ, പുഷ്പലത എന്നിവർ പ്രസംഗിച്ചു. സത്രസ്മൃതി മഹായജ്ഞത്തിൻറെ യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യയാണ്. വിവിധ സമിതികളിൽ നിന്നെത്തിയ മുന്നൂറോളം ഭക്തർ ചേർന്നാണ് സമ്പൂർണ നാരായണീയ പാരായണം നടത്തിയത്.