മണക്കാല : കടമ്പനാട് - പന്തളം കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിക്കണമെന്ന നാളുകളായുള്ള ആവശ്യത്തിന് അടൂർ ‌ഡിപ്പോ അധികൃതർക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ അഞ്ച് വർഷമായി നിരവധി നിവേദനങ്ങളും അഭ്യർത്ഥനകളുമാണ് കടമ്പനാട് - പന്തളം ബസ് സർവീസ് പുന:രാരംഭിക്കാൻ അധികൃതർക്ക്‌ നൽകിയിട്ടുള്ളത്. മണക്കാല പൗരസമിതി ഭാരവാഹികൾ ഗതാഗത മന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുകയും ചെയ്തിരുന്നു. ഗതാഗത മന്ത്രി അടൂർ എ.ടി.ഒ യ്ക്ക് വാക്കാൽ നിർദേശം നൽകിയിട്ടും വേണ്ട നടപടികൾ ഉണ്ടായില്ല. അടൂർ എ.ടി.ഒയുടെ കെടുകാര്യസ്ഥതയും അധികാര മനോഭാവവുമാണ് സർവീസ് അനുവദിക്കാത്തത്തിന് കാരണമെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. കൊവിഡ് കാലത്താണ് ഈ സർവീസ് നിറുത്തിയത്. കടമ്പനാട് നിന്നും ആരംഭിച്ച് മാഞ്ഞാലിവഴി ഏറത്ത് പഞ്ചായത്തിലെ അന്തിച്ചിറ, ചിറ്റാണി മുക്ക്, മണക്കാല എന്നീ പ്രദേശങ്ങളിലൂടെ അടൂരിലെത്തി പന്തളത്തേക്ക് പോകുന്ന ബസ് സർവീസാണ് ചില ഉദ്യോഗസ്ഥരുടെ ഇടപെടൽ കൊണ്ട് ഇല്ലാതായത്. ഈ പ്രദേശങ്ങളിൽ നിന്നും കിലോമീറ്ററുകളോളം രാവിലെ നടന്നു പോകുന്ന വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളുമുണ്ട്. സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ട ഒരു ബസ് സർവീസ് ഇത്തരത്തിൽ ഇല്ലാതാക്കി കളയുന്നതിൽ വലിയ ജനാരോഷമാണ് കടമ്പനാട് പന്തളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഉള്ളത്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നുള്ള ആവശ്യം ശക്തമാണ്.

....................................................

യാത്രാദുരിതം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. സർവീസ് പുനസ്ഥാപിക്കണം "

അഡ്വ.ഡി.രാജീവ്‌ കോൺഗ്രസ്‌

ഏറത്ത് മണ്ഡലം പ്രസിഡന്റ്

.....................................

"ജനങ്ങൾ വലിയ യാത്ര ദുരിതമാണ് നേരിടുന്നത്. ബസ് സർവീസ് പുന: സ്ഥാപിച്ചാൽ സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടും."

അനീഷ് രാജ്

(സി.പി.എം തൂവയൂർ നോർത്ത്

ലോക്കൽ കമ്മിറ്റി സെക്രട്ടറി)

...............................

പന്തളം കോളേജിൽ പോകുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ ബസ് സർവീസാണ്. അടിയന്തരമായി ബസ് സർവീസ് പുനസ്ഥാപിക്കണം"

ജയകുമാർ നടുവത്തുശേരിൽ

(ബി.ജെ.പി മണക്കാല

ഏരിയാ പ്രസിഡന്റ്)

............................

ഗതാഗതമന്ത്രി പറഞ്ഞിട്ടും നടപടിയില്ല

............................

5 വർഷമായി നിവേദനം നൽകിയിട്ടും ഫലമില്ല