ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്ത് വികസന സദസ് 24, 25 തീയതികളിൽ ചെറിയനാട് പടനിലം മൈതാനത്ത് നടക്കും. 25 ന് രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. എം.എസ് അരുൺ കുമാർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം വികസന രേഖ പ്രകാശനം ചെയ്യും. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ വാസുദേവൻ അതിദരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തും. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ അനിൽ കുമാറും , പഞ്ചായത്തിന്റെ ഭരണ നേട്ടങ്ങൾ സെക്രട്ടറി എസ്.ബിന്ദുവും അവതരിപ്പിക്കും. ഓപ്പൺ ഫോറത്തിൽ ജൂണിയർ സൂപ്രണ്ട് സിനു സൂസൻ ഏബ്രഹാം മോഡറേറ്ററാകും. മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ മേഖലകളിലെ പ്രതിഭകൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവ ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ ആദരിക്കും. വികസന സദസിന്റെ ഭാഗമായി 24ന് രാവിലെ 10മുതൽ പരാതി പരിഹാര അദാലത്തും. 25ന് രാവിലെ 9മുതൽ ചെറിയനാട് ജെ.ബി സ്കൂളിൽ മൾട്ടി നാഷണൽ കമ്പിനികൾ പങ്കെടുക്കുന്ന മെഗാ തൊഴിൽ മേളയും നടക്കും. പരാതി പരിഹാര അദാലത്തിലെ അപേക്ഷകൾ പഞ്ചായത്ത് ഓഫീസിൽ നൽകേണ്ടതാണെന്നും മെഗാ തൊഴിൽ മേളയിലേയ്ക്ക് കുടുംബശ്രീ സി.ഡി.എസ് വഴി രജിസ്ട്രർ ചെയ്യാമെന്നും സംഘാടക സമിതി കൺവീനർ ജി.വിവേക് , ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി മനോജ് മോഹൻ എന്നിവർ അറിയിച്ചു.