54
നന്നാടിൽ ജനങ്ങൾ തന്നെ വഴിയൊരുക്കി

ചെങ്ങന്നൂർ: അര നൂറ്റാണ്ടിലേറെയായി വഴിക്കായി കാത്തിരുന്ന നന്നാട് പ്രദേശവാസികളുടെ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി. തിരുവൻവണ്ടൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് പരിധിയിലുള്ള നന്നാട് പാടശേഖരത്തിൽ വർഷങ്ങളായുള്ള ദുരിതജീവിതത്തിന് വിരാമമിടാനൊരുങ്ങുകയാണ് ജനങ്ങൾ. സ്വന്തം വീടിന്റെ ഒരു ഭാഗം പൊളിച്ച് വഴിക്ക് സ്ഥലം വിട്ടുനൽകിയ വിജയൻ ഇപ്പോൾ നാട്ടുകാരുടെ അഭിമാനമാണ്. കൂലിപ്പണിക്കാരനായ ഇദ്ദേഹത്തിന് ലൈഫ് ഭവനപദ്ധതിയിലൂടെ സമീപത്തായി പുതിയ വീട് നിർമ്മിക്കുകയാണ്. വാർഡംഗം രാജകുമാറിന്റെ നേതൃത്വത്തിൽ ആറടി വീതിയിൽ സഞ്ചാരയോഗ്യമായ പാതയാണ് ഇപ്പോൾ ഒരുക്കുന്നത്. മഴ പെയ്താൽ നടപ്പുവഴിയും പാടവും ഒറ്റനീരാവുന്ന ഈ പ്രദേശത്ത് പാതയുടെ രൂപം കാണുന്നത് തന്നെ ജനങ്ങൾക്ക് ആശ്വാസമായി. ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ഭീഷണി ആദ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഒന്നാണ് നന്നാട്. നടപ്പുവഴി പോലും ദുർഘടമായിരുന്ന ഈ ഭാഗത്ത്. മുമ്പ് രോഗികളെ കസേരയിൽ ചുമന്നാണ് ആശുപത്രിയിൽ എത്തിക്കേണ്ടിവന്നത്. തെക്കുമുറി പാലം മുതൽ തെക്കേക്കര വരെയുള്ളവർക്ക് ‘വഴി’ എന്നത് വർഷങ്ങളായുള്ള സ്വപ്നമായിരുന്നു. വർഷത്തിൽ ഒമ്പത് തവണയെങ്കിലും വെള്ളപ്പൊക്ക ഭീഷണി നേരിടേണ്ടി വരും. സംരക്ഷണഭിത്തിയോടെ പുതിയ പാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ അര നൂറ്റാണ്ടിലേറെയായ കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുകയാണ്.

..............................

സമീപവാസികൾ തന്നെ സ്ഥലം വിട്ടുനൽകിയാണ് രണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള പാതയ്ക്ക് വീതി കൂട്ടുന്നത്.“സംരക്ഷണഭിത്തി പണിതാൽ ജനങ്ങളുടെ നീണ്ട കാത്തിരിപ്പിന് അവസാനം വരും.

രാജകുമാർ

(വാർഡ് അംഗം)

................................................

വഴിയില്ലാത്ത ജീവിതം എത്ര ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം. ഇനി അത് മറ്റൊരാൾക്കും വരാതിരിക്കട്ടെ

വിജയൻ

(വഴിക്ക് ഭൂമി നൽകിയയാൾ)