തിരുവല്ല : അപ്പർകുട്ടനാട്ടിൽ പുഞ്ചക്കൃഷിക്ക് ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും ചെമ്പ്രപ്പടിയിൽ പുതിയപാലം വരുമെന്ന കർഷകരുടെ പ്രതീക്ഷ ഇത്തവണയും സഫലമായില്ല. നഗരസഭയിൽ നിന്നും പെരിങ്ങര പഞ്ചായത്തിൽ നിന്നുമുള്ള വെള്ളം എ.സി കനാലിലേക്ക് ഒഴുകിപോകുന്ന ന്യൂമാർക്കറ്റ് കനാലിനു കുറുകെ പാലം ഇല്ലാത്തതാണ് കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. നിലവിൽ കെ.എസ്ഇ.ബിയുടെ ഉപയോഗശൂന്യമായ വൈദ്യുതി പോസ്റ്റുകൾ കനാലിന് കുറുകെയിട്ട് പാലമാക്കിയാണ് കർഷകരും നാട്ടുകാരും അക്കരെയിക്കരെ കടക്കുന്നത്. എന്നാൽ ഇവിടുത്തെ പാടശേഖരങ്ങളിലേക്ക് കൃഷി ആവശ്യത്തിനുള്ള വാഹനങ്ങളും സാധനങ്ങളും എത്തിക്കാൻ കഴിയാത്തതാണ് കർഷകരെ അലട്ടുന്നത്. ന്യൂമാർക്കറ്റ് കനാൽ പണ്ട് കെട്ടുവള്ളങ്ങൾ ഒട്ടേറെ കടന്നുപോയിരുന്ന തോടാണ്. ആലപ്പുഴയിൽ നിന്നു തിരുവല്ല വരെ സാധനങ്ങൾ എത്തിക്കുന്ന പ്രധാന ജലമാർഗമായിരുന്നു. ഇപ്പോൾ കനാലിൽ പായലും പോളയും നിറഞ്ഞു കിടക്കുകയാണ്. ഈ കനാലിനു കുറുകെ പാലം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. പാലം വന്നാൽ മഴക്കാലത്തു വെളളപ്പൊക്കത്തിൽ മുങ്ങുന്ന മേപ്രാൽ ഭാഗത്തെ ഒട്ടേറെ കുടുംബങ്ങൾക്കു രക്ഷാമാർഗവുമാണ്. കനാലിനു മറുകരയിലുള്ള വേങ്ങൽ – വേളൂർ മുണ്ടകം റോഡ് ഉയർത്തി നിർമ്മിച്ചതിനാൽ വെള്ളം പെട്ടന്നു കയറില്ല.
വെള്ളപ്പൊക്കത്തിൽ രക്ഷാമാർഗം
മേപ്രാലിലുള്ളവർക്കു വെള്ളപ്പൊക്കമുണ്ടാകുമ്പോൾ രക്ഷപെടാനുള്ള ഏകറോഡാണ് വേങ്ങൽ–വേളൂർമുണ്ടകം റോഡ്. മേപ്രാൽ-തണുങ്ങാട് റോഡ് അവസാനിക്കുന്ന ചെമ്പ്രയിൽപ്പടിയിൽ പാലം വന്നാൽ നാട്ടുകാർക്കും കൃഷിക്കാർക്കും എല്ലാകാലത്തും ഗുണകരമാകും. മഴക്കാലത്തു വഴികളെല്ലാം വെളളത്തിലാകുമ്പോൾ ടിപ്പർലോറിയിലാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് ആളുകളെ മാറ്റുന്നത്. എന്നാൽ ചെമ്പ്രയിൽപ്പടിയിൽ പാലം വന്നാൽ വെളളപ്പൊക്കകാലത്തെ യാത്രാദുരിതത്തിനു വലിയതോതിൽ പരിഹാരമാകും. പാലത്തിനായി ഫണ്ട് അനുവദിക്കുന്നതിന് ഒട്ടേറെ നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ റോഡ് വികസനപദ്ധതിയിൽ ഒന്നരക്കോടി രൂപ മുടക്കിയാണ് വേങ്ങൽ –വേളൂർമുണ്ടകം റോഡ് 10 വർഷം മുൻപ് നിർമ്മിച്ചത് . ഉന്നതനിലവാരത്തിൽ നിർമ്മിച്ച റോഡിന്റെ പ്രയോജനം മേപ്രാൽ ഭാഗത്തുള്ളവർക്ക് ലഭിക്കണമെങ്കിൽ പാലം വരണം. മേപ്രാൽ മേഖലയിലുളളവർക്കു ചങ്ങനാശേരി, തിരുവല്ല ഭാഗത്തേക്കു പോകാൻ ചെമ്പ്രപ്പടിയിലെ പാലത്തിലൂടെ വേഗത്തിൽ സാധിക്കും. ഒന്നര കിലോമീറ്റർ ദൂരത്തിൽ നിന്നെത്തിക്കാവുന്ന വിത്തുംവളവും 6 കിലോമീറ്ററോളം അധികം സഞ്ചരിച്ച് എത്തിക്കേണ്ട ഗതികേടിലാണ് കർഷകർ. ജില്ലയിൽ ഏറ്റവുമധികം നെൽകൃഷിയുള്ള പെരിങ്ങര പഞ്ചായത്തിൽ ഏറ്റവുമധികം വയലുളള മേഖലയാണ് മേപ്രാലും വേങ്ങലും. കൃഷിഭവൻ, വളവും, വിത്തും വിതരണം ചെയ്യുന്ന സൊസൈറ്റി ചാത്തങ്കരിയിലാണ്. ഇവിടെനിന്നു കാർഷിക ഉപകരണങ്ങളും വളം ഉൾപ്പെടെയുളളവയും ഏറെദൂരം കറങ്ങിയാണ് കർഷകർ പാടത്തെത്തിക്കുന്നത്.
...........................
ചെമ്പ്ര പടിക്കൽ പാലം നിർമ്മിക്കാൻ മൈനർ ഇറിഗേഷൻ 2023ൽ ഒരു കോടി രൂപ എസ്റ്റിമേറ്റ് എടുത്തിരുന്നു. തുടർ നടപടി വൈകിയതിനാൽ ഈവർഷം ഒന്നേകാൽ കോടി രൂപയായി എസ്റ്റിമേറ്റ് പുതുക്കിയിട്ടുണ്ട്. കർഷകരുടെയും പ്രദേശവാസികളുടെയും ദുരിതം അവസാനിപ്പിക്കാൻ പുതിയ പാലത്തിന്റെ നടപടികൾ വേഗത്തിലാക്കണം.
ഷൈജു എം.സി
(വാർഡ് മെമ്പർ
മേപ്രാൽ കിഴക്ക് )