പത്തനംതിട്ട: സി.പി.എം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റും, മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനും, ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായിരുന്ന പി.ജെ. ജോൺസൺ കോൺഗ്രസിൽ ചേർന്നു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും ജോൺസൺ പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രി വീണാജോർജിന്റെ ഭരണപരമായ കെടുകാര്യസ്ഥതയെക്കുറിച്ച് ജോൺസൺ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇത് സി.പി.എമ്മിൽ തലവേദനയുണ്ടാക്കി. തുടർന്നാണ് കോൺഗ്രസിൽ ചേർന്നത്.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ദേഹത്തിന് കോൺഗ്രസ് അംഗത്വം നൽകി സ്വീകരിച്ചു. വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം, ഇലന്തൂർ മണ്ഡലം പ്രസിഡന്റ് കെ.പി. മുകുന്ദൻ, കോൺഗ്രസ് നേതാക്കളായ ജയൻ ഓമല്ലൂർ, ശശി ഭൂഷൺ, സോജൻ ജോർജ് എന്നിവർ പങ്കെടുത്തു.