പ്രമാടം : ശബരിമല റോഡ് വികസനത്തിന് മുൻതൂക്കം നൽകുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രമാടം ഗ്രാമപഞ്ചായത്തിലെ ചള്ളംവേലിപ്പടി- പ്രമാടം ക്ഷേത്രം ഇരപ്പുകുഴി റോഡിന്റെ ഉദ്ഘാടനവും പ്രമാടം പഞ്ചായത്ത് ഓഫീസ്- കുരിശുമ്മൂട് കൊട്ടി പിള്ളേത്ത് ഐരേത്ത് വിള റോഡിന്റെ നിർമ്മാണോദ്ഘാടനവും പൂങ്കാവ് ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് ബി.എം ആൻഡ് ബി. സി നിലവാരത്തിൽ 3.1 കിലോ മീറ്റർ ഇരപ്പുകുഴി-പ്രമാടം ക്ഷേത്രം റോഡും 1.55 കിലോ മീറ്റർ പാറക്കടവ്-ചള്ളംവേലിപ്പടി റോഡും നവീകരിച്ചത്. പ്രമാടം പഞ്ചായത്ത് ഓഫീസ് മുതൽ കൊട്ടിപിള്ളേത്ത് വരെ 3.4 കിലോ മീറ്റർ റോഡാണ് നവീകരിക്കുന്നത്. ശബരിമല തീർത്ഥാടകരുടെ സഞ്ചാരം സുഗമമാക്കും. തീർത്ഥാടനത്തിന് മുമ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ വകുപ്പിൽ പ്രത്യേക കോർ ടീം രൂപീകരിച്ചിട്ടുണ്ട്. പ്രവൃത്തി വിലയിരുത്തുന്നതിന് ചീഫ് എൻജിനീയർ, ഉദ്യോഗസ്ഥർ എന്നിവർ പരിശോധന നടത്തിയതായും മന്ത്രി പറഞ്ഞു.
അഡ്വ. കെ. യു. ജനീഷ് കുമാർ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.