മലയാലപ്പുഴ : മലയാലപ്പുഴയിലെ പുതിയ ബസ് സ്റ്റാൻഡിന്റെയും റോഡുകളുടേയും നിർമ്മാണം പഞ്ചായത്തിലെ ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മലയാലപ്പുഴ ബസ് സ്റ്റാൻഡിന്റെയും മണ്ണാറക്കുളഞ്ഞി മലയാലപ്പുഴ, വെട്ടൂർ കാഞ്ഞിരപ്പാറ മലയാലപ്പുഴ റോഡുകളുടെയും നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. . മലയാലപ്പുഴ ജംഗ്ഷനിൽ പഴയ എൽ.പി സ്‌കൂൾ കെട്ടിടം നിന്നിരുന്നിടത്താണ് ബസ് സ്റ്റാൻഡ്. കാഞ്ഞിരപ്പാറയിൽ നിന്ന് വെട്ടൂർ ജംഗ്ഷനിൽ എത്തുന്ന അഞ്ച് കിലോമീറ്റർ 6.2 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. മണ്ണാറക്കുളഞ്ഞി- പുതുക്കുളം റോഡ് 3.5 കി.മീറ്ററോളം ദൂരം 4.5 കോടി രൂപ ചെലവിൽ നവീകരിക്കും. ആറു മീറ്റർ ശരാശരി വീതിയിൽ ബി.എം ബി.സി നിലവാരത്തിലേക്ക് റോഡ് മാറുമെന്നും മന്ത്രി പറഞ്ഞു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷീലാ കുമാരി, എസ് ബിജു, എൻ വളർമതി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.