പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസ് പടി - കൊട്ടിപ്പിള്ളേത്ത് മുക്ക് റോഡിൽ നാല് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ഇതിന്റെ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചതോടെയാണ് നാട്ടുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ആശ്വാസമായത്.
റോഡിന്റെ ശോച്യാവസ്ഥയും നാട്ടുകാരുടെയും യാത്രക്കാരുടെയും ദുരിതവും ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് ഈ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ തുക അനുവദിക്കുകയായിരുന്നു. എന്നാൽ ടെൻഡർ നടപടികൾ ഉൾപ്പടെ വൈകിയത് പ്രതിസന്ധികൾ സൃഷ്ടിച്ചു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുകയായിരുന്നു. പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ മുതൽ കൊട്ടിപ്പിള്ളേത്ത് മുക്ക് വരെ 3.400 കിലോമീറ്റർദൂരത്തിലാണ് നവീകരിക്കുന്നത്. 3.80 മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് 5.5 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിലാണ് പണിയുന്നത്. റോഡിന്റെ വശങ്ങളിൽ ആവശ്യമായ ഇടങ്ങളിൽ ഓടയും, ഐറിഷ് ഓടയും വിഭാവനം ചെയ്തിട്ടുണ്ട്. വിവിധ ഇടങ്ങളിൽ സംരക്ഷണഭിത്തികളും റോഡ് സുരക്ഷാ പ്രവൃത്തികളും ഒരുക്കും.
പ്രമാടം ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡായ ളാക്കൂരിലാണ് റോഡ് . .നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. ടാറിംഗ് ഇളകി മെറ്റൽ റോഡിൽ നിരന്നുകിടന്ന് അപകടങ്ങൾ തുടർക്കഥയായതോടെ ഇടയ്ക്ക് അറ്റകുറ്റപ്പണി നടത്തിയിരുന്നു.
യാത്രയ്ക്ക് എളുപ്പ വഴി
ചന്ദനപ്പള്ളി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് പൂങ്കാവ്, കോന്നി ജംഗ്ഷനുകളിലെത്താതെ വകയാർ, പുനലൂർ, പത്തനാപുരം ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയുന്ന റോഡാണിത്. ശബരിമല മണ്ഡലകാലത്ത് അച്ചൻകോവിൽ, തമിഴ്നാട് ഭാഗങ്ങളിൽ നിന്ന് നിരവധി വാഹനങ്ങൾ ഇതുവഴി എത്താറുണ്ട്. പൂങ്കാവ്- കോന്നി റോഡിനെയും വി കോട്ടയം ജംഗ്ഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡായി ഇത് മാറും. വി കോട്ടയം വില്ലേജിലുള്ളവർക്ക് പ്രമാടം പഞ്ചായത്ത് ഓഫീസ് ഭാഗത്തേക്ക് റോഡ് നിർമ്മാണം പൂർത്തിയാകുന്നത്തോടെ സുഗമമായി യാത്ര ചെയ്യാം.