
പത്തനംതിട്ട : കാതടപ്പിക്കുന്ന എയർഹോൺ ഉപയോഗം അവസാനിപ്പിക്കാൻ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തുന്ന പരിശോധനയിൽ സ്വകാര്യ ബസുകളെല്ലാം നിയമത്തിനൊപ്പമെന്ന് കണ്ടെത്തി. പരിശോധനയിൽ സ്ഥിരം പ്രശ്നക്കാരായത് ടൂറിസ്റ്റ് ബസുകളാണ്. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം രണ്ടാഴ്ചയായി ജില്ലയിൽ പരിശോധന നടന്നുവരികയാണ്. നിലവിലെ സാഹചര്യത്തിൽ പരിശോധന നീട്ടിയേക്കും. ഇതുവരെ 32 വാഹനങ്ങളിൽ നിന്ന് 1.30 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. പത്തനംതിട്ട, തിരുവല്ല, അടൂർ, റാന്നി, കോന്നി, കോഴഞ്ചേരി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. പിടിച്ചെടുക്കുന്ന ഹോണുകളെല്ലാം നശിപ്പിക്കാനാണ് നിർദേശം.120 ഡെസിബലിന് മുകളിലുള്ള ഹോൺ ചെറിയ വാഹനങ്ങൾക്ക് അലോസരമാകുന്നതായും അപകടം കൂടുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന ആരംഭിച്ചത്.
കേൾവിക്ക് വലിയ ഭീഷണി
സിഗ്നൽ കാത്തുകിടക്കുമ്പോൾ പോലും സമാധാനം തരാതെ എയർഹോണുകൾ മുഴക്കുന്നവരുണ്ട്. ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടയാത്രികർക്കും ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ചെറിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് നിയന്ത്രണം തെറ്റാൻ പോലും ഈ ഹോണുകൾ കാരണമായേക്കാം. നിരോധിത എയർഹോണുകളുടെ ഉപയോഗം കർണപുടത്തിന് തകരാർ, കേൾവിക്കുറവ് എന്നിവയുണ്ടാക്കും. റോഡിൽ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധതിരിച്ച് അപകടത്തിനും ഇടയാക്കും. നിയമപ്രകാരം വാഹനങ്ങളിൽ എയർഹോൺ ഉപയോഗിക്കാൻ പാടില്ല. ഉദ്യോഗസ്ഥർ പരിശോധിച്ചാലും കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് ചില വാഹനങ്ങളിൽ എയർ ഹോണുകൾ സ്ഥാപിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളിലും എയർഹോൺ വ്യാപകമാണ്.
വാഹനങ്ങളുടെ ഹോൺ
ഉപയോഗിക്കാവുന്നത് : 90 - 125 ഡെസിബൽ
എയർഹോണുകൾ : 120 - 170 ഡെസിബൽ
പിഴ ചുമത്തിയ വാഹനങ്ങൾ : 32
ചുമത്തിയ പിഴ : 1.30 ലക്ഷം രൂപ
ടൂറിസ്റ്റ് ബസുകളിലാണ് കൂടുതൽ എയർഹോണുകൾ കണ്ടെത്തിയിട്ടുള്ളത്. പരിശോധിക്കപ്പെട്ട 32 ൽ കൂടുതലും അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകളാണ്.
മോട്ടോർ വാഹന വകുപ്പ്
എൻഫോഴ്സ്മെന്റ് അധികൃതർ