പ്രമാടം : പ്രമാടം , വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരപ്പുകുഴി ചള്ളംവലിപ്പടി റോഡ് നാടിന് സമർപ്പിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഇരുപഞ്ചായത്തുകളെയും കോർത്തിണക്കി ബി.എം, ബി.സി നിലവാരത്തിൽ 3.1 കിലോ മീറ്റർ ഇരപ്പുകുഴിപ്രമാടം ക്ഷേത്രം റോഡിനെയും 1.55 കിലോ മീറ്റർ പാറക്കടവ്ചള്ളംവേലിപ്പടി റോഡും നവീകരിച്ചത്. പ്രമാടം ഗ്രാമപഞ്ചായത്തിലെ ഇരപ്പുകുഴിയിൽ നിന്നും തുടങ്ങുന്ന റോഡ് മറൂർ ആൽ ജംഗ്ഷനിൽ എത്തി പൂങ്കാവ് പത്തനംതിട്ട റോഡിലൂടെ പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷൻ വഴി വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ചള്ളംവേലിപ്പടി ജംഗ്ഷനിലാണ് അവസാനിക്കുന്നത്. ഇവിടെ നിന്ന് കോന്നി ചന്ദനപ്പള്ളി റോഡിലേക്ക് പ്രവേശിക്കും. നാലര കിലോമീറ്റർ ദൂരമുള്ള റോഡ് ഏഴ് കോടി രൂപ അനുവദിച്ചാണ് വികസിപ്പിച്ചത്. ആവശ്യമായ സ്ഥലങ്ങളിൽ റോഡ് ഉയർത്തുകയും സംരക്ഷണ ഭിത്തികളും ഓടകളും കലുങ്കുകളും നിർമ്മിച്ചിട്ടുമുണ്ട്. നിലവിൽ മൂന്നര മീറ്ററായിരുന്ന റോഡിന്റെ വീതി അഞ്ചര മീറ്ററായി വർദ്ധിപ്പിച്ചാണ് ടാറിംഗ് നടത്തിയത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വികസനത്തിന് തുക അനുവദിച്ചത്.