ചെങ്ങന്നൂർ: ചോർന്നൊലിച്ച് ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ ഓഫീസ്. ദുരിതത്തിലായി ഉദ്യോഗസ്ഥർ. ഇടുങ്ങിയ മുറികളും ചോർച്ചയുമാണ് ഇവിടെ ജീവനക്കാരെയും കർഷകരെയും ഒരുപോലെ വീർപ്പുമുട്ടിക്കുന്നത്. മഴപെയ്താൽ ടെറസിലൂടെ വെള്ളം ചുവരുകളിലൂടെ ഒഴുകി മുറികളിൽ ചെളി നിറയും. കാലപ്പഴക്കം പിടിച്ച ഷീറ്റുകൾ തുരുമ്പേടുത്ത് പൊളിഞ്ഞതോടെ വെള്ളം കെട്ടിക്കിടക്കുന്ന ടെറസിൽ നിന്നാണ് ചോർച്ച തുടങ്ങുന്നത്. ഭിത്തികൾ നനഞ്ഞ് കുതിർന്നതോടെ പെയിന്റ് പൊട്ടിയും കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളും ഉയർന്നിട്ടുണ്ട്. സ്വിച്ച് ബോർഡിനടുത്ത് നിന്നാൽ ജീവനക്കാർക്ക് ഷോക്ക് ഏൽക്കുന്ന സ്ഥിതിയാണ്. 45 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താൻപോലും അധികൃതർ കൂട്ടാക്കുന്നില്ല. കൃഷി ഓഫീസർ അടക്കം 5 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കൃഷി ഭവൻ പരിധിയിൽ 3000ത്തോളം ഉപഭോക്താക്കളുണ്ട്.
ഓഫീസിൽ കയറാൻ പോലും കുടയുടെ സഹായം ആവശ്യമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മുറിക്കുള്ളിൽ വച്ചിരിക്കുന്ന ഫയലുകൾ വെള്ളം കയറിയേക്കുമെന്ന ഭീതിയിൽ അലമാരകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരേയൊരു ടോയ്ലെറ്റും ചോർന്നൊഴുകുകയാണ്. കൃഷിഭവനിൽ മുമ്പ് റൂഫ് വർക്ക് നടത്തിയിരുന്നതെങ്കിലും, 10 വർഷം കഴിഞ്ഞതോടെ അത് പൂർണമായും തകർന്നു. ടെറസിൽ മീറ്റിംഗ് നടത്താൻ പോലും ഇപ്പോൾ സാദ്ധ്യമല്ല. ഉദ്യോഗസ്ഥരും കർഷകരും ചേർന്ന് “കൃഷിയല്ല, ചോർച്ചയോട് യുദ്ധം” എന്ന നിലയിലാണ് ഇന്ന് പ്രവർത്തിക്കുന്നത്. അധികൃതർ ഇടപെട്ട് അടിയന്തരമായി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാണ്.
.......................................
തകർച്ചാ ഭീഷണി മുൻനിറുത്തി അധികൃതർ അടിയന്തരമായി കെട്ടിടത്തിന് ബദൽ സൗകര്യം ഒരുക്കണം.
ജിനു
(കർഷകൻ)