987
റോഡിലെ വെള്ളക്കെട്ടിൽ കടലാസു വഞ്ചികൾ ഒഴുക്കി പ്രതിഷേധിക്കുന്നു.

ചെങ്ങന്നൂർ : റോഡിലെ വെള്ളക്കെട്ടിൽ കടലാസു വഞ്ചികൾ ഒഴുക്കി സി.പി.എം പ്രവർത്തകർ പ്രതിഷേധിച്ചു. ചെങ്ങന്നൂർ നഗരസഭ 13-ാം വാർഡിൽ ആൽത്തറ ജംഗ്ഷൻ - ലയൺസ് ക്ലബ് റോഡിലെ വെള്ളക്കെട്ടിലാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ കടലാസ് വഞ്ചികൾ ഒഴുക്കി പ്രതിഷേധിച്ചത്. റോഡിന് സമീപമുള്ള നഗരസഭ കോൺക്രീറ്റ് റോഡ് അശാസ്ത്രിയമായി നിർമ്മിച്ചതിനെ തുടർന്നാണ് ഈ ഭാഗത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. കാൽനടക്കാർക്കും വാഹനങ്ങൾക്കും പോകാൻ കഴിയാത്തതിനെ തുടർന്ന് സമീപവാസികൾ നഗരസഭയിൽ പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായില്ല. തുടർന്നാണ് സി.പി.എം ശാസ്താംകുളങ്ങര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നത്. ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.പി അനിൽ കുമാർ സമരം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.എസ് പ്രണവ് അദ്ധ്യക്ഷത വഹിച്ചു. പി.ഡി സുനീഷ് കുമാർ, ടി.കെ സുഭാഷ് , ലേഖ, വിജയ കുമാരി അമ്മാൾ, അമ്പിളി, ലേഖ എന്നിവർ സംസാരിച്ചു.