പന്തളം: അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനായി രണ്ട് പദ്ധതികളുണ്ടെങ്കിലും ആനന്ദപ്പള്ളി - തുമ്പമൺ റോഡിന്റെ സ്ഥിതി പരിതാപകരം. രണ്ട് പദ്ധതിയും ഉൾപ്പെട്ട കീരുകുഴി ഭാഗമാണ് ടാറിംഗ് ഇളകി തകർന്ന് കുഴികളായി കിടക്കുന്നത്. മഴപെയ്താൽ വെള്ളത്തിലൂടെ നീന്തിയും തകർന്ന് മെറ്റിലിളകി കിടക്കുന്ന ഭാഗങ്ങളിൽ അപകടംപറ്റാതെ ശ്രദ്ധിച്ചും വേണം യാത്രചെയ്യാൻ. പലയിടത്തും റോഡിലെ കുഴികൾപോലും തിരിച്ചറിയാനാവാത്തവിധം കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന സ്ഥിതിയാണ്. മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും അമ്പലക്കടവ് പാലത്തിലൂടെ കുളനട പഞ്ചായത്തിലെത്തി കോട്ടയം ഭാഗത്തേക്ക് പോകുന്നതുമായ പ്രധാന റോഡിനാണ് ഈ ദുരവസ്ഥ. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ആനയടി - കൂടൽ റോഡിന്റെ ഭാഗം കൂടിയാണ് കീരുകുഴി റോഡ്. ആനന്ദപ്പള്ളി - തുമ്പമൺ റോഡ് കിഫ്ബിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോഴുള്ള വീതിയിൽ ബി.എം ആൻഡ് ബിസിനിലവാരത്തിൽ നടത്തുമെന്നും പൊതുമരാമത്ത് പറഞ്ഞതും നടന്നില്ല.
പ്രയോജനമില്ലാതെ അമ്പലക്കടവു പാലം
വാഗ്ദാനങ്ങൾ പാഴായാപ്പോൾ അച്ചൻകോവിലാറിന് കുറുകെ പണിത അമ്പലക്കടവ് പാലം നാട്ടുകാർക്കും യാത്രക്കാർക്കും പുഴ മുറിച്ചുകടക്കാനുള്ള നടപ്പാലമായി മാറി. പേരിന് രണ്ട് കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. തുമ്പമൺ - കുളനട പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം പണിയുന്നതിന് സർക്കാർ അനുമതി നൽകിയതും വിവിധ ഗുണങ്ങൾ പ്രതീക്ഷിച്ചാണ്. എന്നാൽ പാലം പണിത് 20 വർഷം പൂർത്തിയായിട്ടും അധികാരികൾ പാലത്തിനേയോ ഇതുവഴിയുള്ള റോഡിനേയോ തിരിഞ്ഞുനോക്കുന്നില്ല. ആനന്ദപ്പള്ളിയിൽ നിന്നും തുടങ്ങി പന്തളം, തുമ്പമൺ, ചെന്നീർക്കര, മെഴുവേലി പഞ്ചായത്തിലൂടെ കോട്ടയംവരെ നീളുന്ന റോഡിൽ ദൂരലാഭം 16 കിലോമീറ്ററാണ്. എംസി റോഡിൽ ഇപ്പോൾ വദ്ധിച്ചുവരുന്ന ഗതാതഗതക്കുരുക്ക് ഒഴിവാക്കാമെന്നതും ഇതിന്റെ മറ്റൊരു ഗുണമായിരുന്നു. പാലം പണി പൂർത്തിയാശേഷം റോഡിന്റെ വീതികൂട്ടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സമാന്തര റോഡെന്ന സ്വപ്നം പൊലിഞ്ഞത്.
....................................
റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്കൊന്നും ഉയർത്തിയില്ലെങ്കിലും പുനരുദ്ധാരണം നടത്തി വലിയ കുഴികൾ അടച്ച് യാത്ര സുഗമമാക്കണം .
(പ്രദേശവാസികൾ)
പാലം നിർമ്മിച്ചിട്ട് 20 വർഷം
3 പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നത്