parumala-
പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

പരുമല : വെറ്റിലകൾ വാനിലേക്കുയർന്ന പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. മലങ്കരസഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പൊലീത്തയുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കൊടിയേറ്റ് കർമ്മം നിർവഹിച്ചു. പള്ളിയിലും കബറിടത്തിലും നടന്ന പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് പെരുന്നാളിന് കൊടിയേറ്റിയത്. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്‌, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ്, അസി. മാനേജർമാരായ ഫാ. ജെ. മാത്യുകുട്ടി ഫാ.ഗീവർഗീസ് മാത്യു പരുമല സെമിനാരി കൗൺസിൽ അംഗങ്ങൾ, വൈദികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വെറ്റില വിതറി പരമ്പരാഗത രീതിയിലുള്ള കൊടിയേറ്റിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

രാവിലെ ദേവാലയത്തിൽ നടന്ന മൂന്നിൻമേൽ കുർബാനായ്ക്ക് ഡോ.യൂഹാനോൻ മാർ ദീയ്സ്കോറോസ് മെത്രാപ്പൊലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.റവ ഡോ . എം. എസ് യൂഹാനോൻ റമ്പാൻ, റവ. യാക്കോബ് തോമസ് റമ്പാൻ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു.

പരുമലയിൽ ഇന്ന്

ഇന്ന് രാവിലെ 7 ന് ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നിന്മേൽകുർബാന. 10ന് സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് സമ്മേളനം. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലിത്താ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലിത്തയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് സന്ധ്യാനമസ്കാരവും, കബറിങ്കൽ ധൂപപ്രാർത്ഥനയും.