അടൂർ: അടൂർ ശ്രീമൂലം ചന്ത- പാമ്പേറ്റ് കുളം റോഡിലെ വെള്ളക്കെട്ട് മൂലം യാത്ര ദുരിതം. . തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടും പരിഹാരം കാണാൻ നടപടിയില്ല. പബ്ലിക് സ്കൂൾ കഴിഞ്ഞ് ബാഡ്മിന്റൺ ക്ലബിന് മുൻപായുള്ള വളവ് ഭാഗം മുതലാണ് വെള്ളക്കെട്ട് കൂടുതലായി ഉണ്ടാകുന്നത്. റോഡിന്റെ ഒരുവശത്ത് ഓടയില്ലാത്തത് മൂലം മഴ വെള്ളം ഒഴുകിപ്പാകാൻ ഇടമില്ല. പന്നിവിഴയിൽ നിന്ന് അടൂർ നഗരത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള റോഡ് കൂടിയാണിത്. ശ്രീമൂലം മാർക്കറ്റിലേക്കും കൃഷി ഭവനിലേക്കും പബ്ലിക് സ്കൂളിലേക്കും ആളുകൾ ധാരാളമായി സഞ്ചരിക്കുന്നത് ഈ റോഡിൽ കൂടിയായാണ്. വെള്ളക്കെട്ടിൽപ്പെട്ട് വാഹനങ്ങൾ നിന്നുപോകാറുണ്ട്. ഇതുമൂലം ഇതുവഴി വരാൻ യാത്രക്കാർ മടിക്കുന്നു. ഓട നിർമ്മിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളക്കെട്ട് ഒഴിവാക്കാൻ നേരത്തെ കുറച്ചുഭാഗം ടാർ ചെയ്യാതെ ഓട് പാകിയെങ്കിലും പ്രയോജനമില്ല. തുടർച്ചയായി മഴ പെയ്താൽ ഒരാൾ പൊക്കത്തിലുള്ള വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെടുന്നത്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പന്നിവിഴ ഭാഗത്തേക്കും മറ്റും സൈക്കിളിലും നടന്നും പോകുന്ന സ്കൂൾ വിദ്യാർത്ഥികളാണ്. വെള്ളക്കെട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ഗുരുതമായ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ട്.